

യുഎഇയുടെ സേവനമേഖലയിൽ ഇനി 'മിറ' യുടെ കാലം: പുതിയ എഐ സഹായിയെ അവതരിപ്പിച്ച് സർക്കാർ
ദുബായ്: പൊതുസേവന മേഖലയിൽ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് 'മിറ' എന്ന നിർമിത ബുദ്ധി സഹായിയെ യുഎഇ സർക്കാർ അവതരിപ്പിച്ചു. താമസക്കാരുടെ ആവശ്യങ്ങൾ സ്വയം തിരിച്ചറിഞ്ഞ് അവർക്കുവേണ്ടി സർക്കാർ ഇടപാടുകൾ പൂർത്തിയാക്കാൻ ശേഷിയുള്ള നൂതന സംവിധാനമാണിത്. 2027 മാർച്ച് മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന മിറയിലൂടെ വിവിധ പോർട്ടലുകൾ തിരയാതെ തന്നെ വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ നേടാനാകും.
സ്വദേശികൾക്കും താമസക്കാർക്കും ഏറ്റവും അത്യന്താപേക്ഷിതമായ സേവനങ്ങളായിരിക്കും ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുക. 2027 അവസാനത്തോടെ രാജ്യത്തെ മുഴുവൻ സർക്കാർ സേവനങ്ങളും ഈ ഏകീകൃത പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരുമെന്ന് അധികൃതർ വ്യക്തമാക്കി.
നവംബർ 24ന് എക്സ്പോ സിറ്റിയിൽ നടന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഉപഭോക്താവിനെ മനസിലാക്കി അവർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്ന പുതിയൊരു ഘട്ടത്തിന്‍റെ തുടക്കത്തിനാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നതെന്ന് നിർമിത ബുദ്ധി സഹായിയായ മിറ ചടങ്ങിൽ പറഞ്ഞു. താമസ വിസ, എമിറേറ്റ്സ് ഐഡി പുതുക്കൽ, പാസ്പോർട്ട് പുതുക്കൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സുപ്രധാന സേവനങ്ങൾ മിറയിലൂടെ ഒറ്റ സംഭാഷണത്തിലൂടെ തന്നെ പൂർത്തിയാക്കാനാകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർക്കാർ മേഖലകളിലെ 50 ശതമാനം സേവനങ്ങളും നിർമിത ബുദ്ധിയുടെ സഹായത്തോടെയാക്കി മാറ്റാനാണ് യുഎഇ ലക്ഷ്യമിടുന്നത്.