വ്യാജ കോളിങ്ങ് ആപ്പുകൾ വഴി തട്ടിപ്പ്; കരുതിയിരിക്കണമെന്ന് യുഎഇ അധികൃതർ

പലപ്പോഴും വ്യാജ ലിങ്കുകൾ അയച്ച് പണം തട്ടാനും ഇവർ ശ്രമിക്കുന്നുണ്ട്.
UAE authorities warn against fraud through fake calling apps

വ്യാജ കോളിങ്ങ് ആപ്പുകൾ വഴി തട്ടിപ്പ്; കരുതിയിരിക്കണമെന്ന് യുഎഇ അധികൃതർ

Updated on

അബുദാബി: യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരെന്ന വ്യാജേന ഗൂഗിൾ മീറ്റ് ഉൾപ്പെടെയുള്ള വീഡിയോ കോളിംഗ് ആപ്പുകൾ വഴി നടത്തുന്ന പുതിയ തട്ടിപ്പിനെതിരെ താമസക്കാർക്ക് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലോഗോകളും പശ്ചാത്തലവും ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാർ ജനങ്ങളെ വിശ്വസിപ്പിക്കുന്നത്.

എമിറേറ്റ്‌സ് ഐഡി പുതുക്കൽ, വിസ പ്രശ്നങ്ങൾ അല്ലെങ്കിൽ ട്രാഫിക് ഇതര പിഴകൾ എന്നിവ പരിഹരിക്കാനെന്ന വ്യാജേനയാണ് ഇവർ താമസക്കാരെ ബന്ധപ്പെടുന്നത്. തുടർന്ന് ഔദ്യോഗിക വേഷത്തിൽ വീഡിയോ കോളിൽ വന്ന് വിശ്വാസ്യത നേടിയ ശേഷം വ്യക്തിഗത വിവരങ്ങളോ, ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ഒടിപിയോ ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. പലപ്പോഴും വ്യാജ ലിങ്കുകൾ അയച്ച് പണം തട്ടാനും ഇവർ ശ്രമിക്കുന്നുണ്ട്.

ഐസിപി ഉദ്യോഗസ്ഥർ ഒരിക്കലും ഗൂഗിൾ മീറ്റ് വഴിയോ മറ്റ് അനൗദ്യോഗിക ചാനലുകൾ വഴിയോ താമസക്കാരെ ബന്ധപ്പെടുകയോ ഒടിപിയും ബാങ്ക് വിവരങ്ങളും ചോദിക്കുകയോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരം വ്യാജ കോളുകളോട് പ്രതികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്നും നിർദ്ദേശിച്ച അധികൃതർ, സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക സുരക്ഷാ ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും യുഎഇ താമസക്കാരോട് അഭ്യർത്ഥിച്ചു

logo
Metro Vaartha
www.metrovaartha.com