

വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത സമയം.
Representative image
ദുബായ്: യുഎഇയിൽ ബുധനാഴ്ച ബലി പെരുന്നാൾ ആഘോഷിക്കും. പെരുന്നാൾ നമസ്കാരത്തിനായി രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ഈദ്ഗാഹുകളും പള്ളികളും ഇതിനകം സജ്ജമായിക്കഴിഞ്ഞു. സാധാരണയായി സൂര്യോദയത്തിനു ശേഷം 15 മുതൽ 20 മിനിറ്റിനുള്ളിലാണ് പെരുന്നാൾ നമസ്കാരം നടത്തുക.
അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, മുസല്ല അൽ മുഷ്രിഫ്, ദുബായിലെ നാദ് അൽ ഹമർ മുസല്ല, അൽ വർഖ മുസല്ല, ഷാർജയിലെ അൽ ബദീഅ് മുസല്ല തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്.
പള്ളികളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വിശ്വാസികൾ രാവിലെ 5.30നകം തന്നെ എത്തിച്ചേരണമെന്ന് അധികൃതർ നിർദേശിച്ചു.
എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം:
അബുദാബി: രാവിലെ 5:51 (അൽ ഐൻ: 5:45, സായിദ് സിറ്റി: 5:56)
ദുബായ്: രാവിലെ 5:47
ഷാർജ: രാവിലെ 5:45 (കിഴക്കൻ മേഖലകൾ: 5:42, മധ്യമേഖല: 5:44)
അജ്മാൻ / ഉമ്മുൽ ഖുവൈൻ: രാവിലെ 5:44
റാസൽഖൈമ / ഫുജൈറ: രാവിലെ 5:43
നമസ്കാരത്തിനു ശേഷമാണ് പ്രവാചകൻ ഇബ്രാഹിമിന്‍റെ ത്യാഗസ്മരണ പുതുക്കുന്ന ബലി കർമങ്ങൾ ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി യുഎഇയിൽ വീടുകളിലോ തെരുവുകളിലോ പൊതുസ്ഥലങ്ങളിലോ മൃഗബലി നടത്തരുതെന്നും, അംഗീകൃത കശാപ്പുശാലകളുടെയും ഔദ്യോഗിക ഏജൻസികളുടെയും സേവനങ്ങൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘകർക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.