

ഈ വർഷം ആദ്യ പാദത്തിൽ 168 തെരച്ചിലുകളും രക്ഷാ പ്രവർത്തനങ്ങളും നടത്തിയതായി യുഎഇ നാഷണൽ ഗാർഡ് കമാൻഡ്
അബുദാബി: ഈ വർഷം ആദ്യപാദത്തിൽ ആഭ്യന്തര- അന്തർദേശിയ തലത്തിൽ കരയിലും കടലിലുമായി 168 തെരച്ചിലുകളും രക്ഷാ പ്രവർത്തനങ്ങളും നടത്തിയതായി യുഎഇ നാഷണൽ ഗാർഡ് കമാൻഡ് അറിയിച്ചു.
ജനുവരി 1 നും മാർച്ച് 31 നും ഇടയിൽ നടത്തിയ ഈ ദൗത്യങ്ങൾ, 'സമൂഹ വർഷ' സംരംഭത്തിന്‍റെ ഭാഗമായി അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും ദ്രുത പ്രതികരണ ശേഷി വർധിപ്പിക്കുന്നതിനുള്ള നാഷണൽ ഗാർഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് കമാൻഡ് വ്യക്തമാക്കി. അറേബ്യൻ ഗൾഫിലെയും ഒമാൻ ഉൾക്കടലിലെയും ജലാശയങ്ങളിൽ 23 തെരച്ചിലുകൾ നടത്തി.
അതോടൊപ്പം ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് 34 തിരച്ചിലുകൾക്കും രക്ഷാ ദൗത്യങ്ങളും വൈദ്യ സഹായം ലഭിക്കുന്നതിനുള്ള ഒഴിപ്പിക്കലുകളും ഉൾപ്പെടെ 145 പ്രവർത്തനങ്ങൾക്കും നാഷണൽ ഗാർഡ് നേതൃത്വം നൽകി.
യുഎഇയിൽ ഒൻപതും വിദേശത്ത് നാലും വീതം മെഡിക്കൽ ട്രാൻസ്‌പോർട്ട്, എയർ ആംബുലൻസ് ദൗത്യങ്ങളും ഈ കേന്ദ്രം നടത്തി. 995 എന്ന നമ്പറിൽ സെർച്ച് ആൻഡ് റെസ്‌ക്യൂ എമർജൻസി ലൈനിലോ 996 എന്ന നമ്പറിൽ കോസ്റ്റ് ഗാർഡ് എമർജൻസി ലൈനിലോ ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് നാഷണൽ കമാൻഡ് അഭ്യർഥിച്ചു.