

85% തുകയെങ്കിലും സമയപരിധിക്കുള്ളിൽ നൽകണം.
Representative image
അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാരുടെ ശമ്പള വിതരണത്തിന് പുതിയ സമയപരിധി നിശ്ചയിച്ച് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം. പുതിയ ഭേദഗതി അനുസരിച്ച് എല്ലാ മാസവും ഒന്നാം തീയതി തന്നെ മുൻ മാസത്തെ ശമ്പളം ജീവനക്കാർക്ക് നൽകിയിരിക്കണം.
ജൂൺ 1 മുതൽ നിയമം പ്രാബല്യത്തിൽ വരും. ഒന്നാം തീയതിക്കു ശേഷം നൽകുന്ന ശമ്പളങ്ങളെല്ലാം വൈകിയതായി കണക്കാക്കുകയും കമ്പനികൾക്കെതിരേ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. മുൻപ് ഉണ്ടായിരുന്ന 15 ദിവസത്തെ ഇളവ് ഇതോടെ ഇല്ലാതാകും.
മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ ശമ്പളം 'വേജ് പ്രൊട്ടക്ഷൻ സിസ്റ്റം' (WPS) വഴിയോ മന്ത്രാലയം അംഗീകരിച്ച മറ്റ് ഔദ്യോഗിക മാർഗങ്ങളിലൂടെയോ മാത്രമേ നൽകാൻ പാടുള്ളൂ.
ഒരു കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് നൽകാനുള്ള ആകെ ശമ്പളത്തിന്‍റെ കുറഞ്ഞത് 85 ശതമാനമെങ്കിലും കൃത്യസമയത്ത് നൽകിയിട്ടുണ്ടെങ്കിൽ ആ കമ്പനി നിയമം പാലിച്ചതായി കണക്കാക്കും. നിയമപരമായ മറ്റ് ഈടാക്കലുകൾ കാരണമാണ് ശമ്പളം കുറഞ്ഞതെങ്കിൽ തൊഴിലാളിക്ക് ശമ്പളം ലഭിച്ചതായിത്തന്നെ കണക്കാക്കും.