
അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റ്: 77 സമൂഹ മാധ്യമ അക്കൗണ്ടുകൾ പൂട്ടി യുഎഇ
ദുബായ്: അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റ് നടത്തിയ കേസിൽ ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ 77 സമൂഹ മാധ്യമ അക്കൗണ്ടുകൾ അടച്ചുപൂട്ടിയതായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റിയുമായിസഹകരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ അക്കൗണ്ടുകൾ അനൗദ്യോഗികമാണെന്നും ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റ് നടത്തുന്നതിന് ആവശ്യമായ ലൈസൻസുകൾ ഇവക്കില്ലെന്നും അധികൃതർ വിശദീകരിച്ചു.
ലൈസൻസുള്ള അംഗീകൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റ് ഏജൻസികളുമായി മാത്രമേ ഇടപെടാവൂ എന്ന് തൊഴിലുടമകളോടും കുടുംബങ്ങളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്യുന്ന റിക്രൂട്ട്‌മെന്‍റ് സ്ഥാപനങ്ങളുടെ നിയമസാധുത പരിശോധിക്കുന്നതിന് 600590000 എന്ന കോൾ സെന്‍ററിൽ ബന്ധപ്പെടുകയോ
ഔദ്യോഗിക വെബ്‌സൈറ്റായ www.mohre.gov.ae സന്ദർശിക്കുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
യുഎഇയിലുടനീളമുള്ള ലൈസൻസുള്ള ഏജൻസികളുടെ പൂർണ്ണമായ പട്ടിക വെബ് സൈറ്റിൽ ലഭ്യമാണ്.
നിയമലംഘകർക്ക് കുറഞ്ഞത് ഒരു വർഷത്തെ തടവും 200,000 ദിർഹം മുതൽ 1,000,000 ദിർഹം വരെയുള്ള പിഴയും അല്ലെങ്കിൽ രണ്ടും കൂടിയും ശിക്ഷ ലഭിക്കും.
ആവശ്യമായ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി കാര്യ അണ്ടർ സെക്രട്ടറി ഖലീൽ അൽ ഖൂരി മുന്നറിയിപ്പ് നൽകി.