യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് വിസ ഇളവ്

വ്യോമപാത അടച്ചതിനെ തുടർന്ന് കുടുങ്ങിയ ടൂറിസ്റ്റ്, വിസിറ്റ് വിസക്കാർക്കും വിസ റദ്ദാക്കിയ താമസക്കാർക്കും 30 ദിവസത്തേക്ക് പിഴയില്ലാതെ രാജ്യം വിടാനോ വിസ പുതുക്കാനോ അവസരം
UAE Visa Relief: grace period for stranded foreigners

യുഎഇയിൽ കുടുങ്ങിയവർക്ക് വിസ ഇളവ്.

Representative image

Updated on

ദുബായ്: മേഖലയിലെ വിമാന സർവീസ് തടസങ്ങളെ തുടർന്ന് യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് ആശ്വാസമായി മുപ്പത് ദിവസത്തെ വിസ ഇളവ് കാലാവധി പ്രഖ്യാപിച്ചു. ഫെഡറൽ അഥോറിറ്റി ഫൊർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് പുതിയ സമയപരിധി നിശ്ചയിച്ചത്. ഇത് പ്രകാരം ജൂൺ പത്ത് മുതൽ ജൂലൈ ഒൻപത് വരെയുള്ള മുപ്പത് ദിവസത്തിനകം വിസിറ്റ് വിസക്കാരും താമസ വിസ റദ്ദാക്കപ്പെട്ടവരും ഉൾപ്പെടെയുള്ളവർക്ക് പിഴകളില്ലാതെ രാജ്യം വിടാനോ വിസ നിയമവിധേയമാക്കാനോ സാധിക്കും.

മുൻപ് നൽകിയിരുന്ന പിഴ ഒഴിവാക്കൽ ആനുകൂല്യത്തിന്‍റെ കാലാവധി അവസാനിച്ചതിനാലാണ് പുതിയ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ഉണ്ടായ വ്യോമപാത അടയ്ക്കലും വിമാന സർവീസുകൾ റദ്ദാക്കലും കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വന്ന വിസ കാലാവധി കഴിഞ്ഞ ടൂറിസ്റ്റ്- വിസിറ്റ് വിസക്കാർ, എക്സിറ്റ് പെർമിറ്റ് എടുത്തവർ, വിസ റദ്ദാക്കപ്പെട്ട താമസക്കാർ എന്നിവർക്കാണ് ഈ ഇളവ് ബാധകമാകുക.

യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഈ കാലപരിധിക്കുള്ളിൽ തങ്ങളുടെ റസിഡൻസി അല്ലെങ്കിൽ തൊഴിൽ വിസ സ്റ്റാറ്റസ് മാറ്റിയെടുക്കാം. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലുള്ള ഇമിഗ്രേഷൻ നടപടിക്രമങ്ങൾ വഴി നേരിട്ട് പിഴയൊന്നും കൂടാതെ രാജ്യം വിടാം. ഇതിനായി മുൻകൂർ അപേക്ഷ നൽകേണ്ടതില്ല. സമയപരിധിക്കുള്ളിൽ തന്നെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com