H-1B വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് ജോലി ചെയ്യാനുള്ള അനുമതി എടുത്തു കളയാൻ യുഎസ്

തീരുമാനം നഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ കുടുംബങ്ങളെ. അംഗീകാരം ലഭിച്ചവരിൽ 93 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്. ഇതിൽ തന്നെ 94 ശതമാനവും സ്ത്രീകളാണ്
US mulls revoking employment rights to partners of H-1B visa holders

വിസ നിയമത്തിലെ നിർദിഷ്ട മാറ്റം: യുഎസിലെ ഇന്ത്യൻ കുടുംബങ്ങൾ ആശങ്കയിൽ.

AI - Representative image

Updated on

വാഷിങ്ടൺ ഡിസി: അമെരിക്കയിലെ എച്ച്-1ബി (H-1B) വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് നിയമപരമായി ജോലി ചെയ്യാനുള്ള അനുമതി എടുത്തു കളയാൻ യുഎസ് ഭരണകൂടത്തിന്‍റെ നീക്കം. ഒരു ദശകത്തിലധികമായി നിലവിലുള്ള നയം തിരുത്തിക്കൊണ്ടുള്ള ഭേദഗതി അമെരിക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക്, പ്രത്യേകിച്ച് ഇന്ത്യൻ കുടുംബങ്ങൾക്ക് കനത്ത തിരിച്ചടിയാകും.

എച്ച്-4 (H-4) വിസയുള്ള പങ്കാളികളുടെ തൊഴിൽ അനുമതി (Employment Authorisation Document - EAD) അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഓഫിസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിന്‍റെ വെബ്‌സൈറ്റിലെ Reginfo.gov-ൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്‍റെ (DHS) ദീർഘകാല റെഗുലേറ്ററി അജൻഡയിലാണ് നിർദേശം. ഇതിന്‍റെ ഔദ്യോഗിക തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

തീരുമാനം നടപ്പായാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ കുടുംബങ്ങളെയായിരിക്കും. 2014 മുതൽ 2017 വരെയുള്ള എച്ച്-4 ഇഎഡി അപേക്ഷാ ഡേറ്റ പ്രകാരം, അംഗീകാരം ലഭിച്ചവരിൽ 93 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്. ഇതിൽ തന്നെ 94 ശതമാനവും സ്ത്രീകളാണെന്നത് സ്ഥിതിയുടെ ഗൗരവം വർധിപ്പിക്കുന്നു. യുഎസ്‌‌സിഐഎസ് (USCIS) കണക്കുപ്രകാരം 2024 സാമ്പത്തിക വർഷത്തിൽ അംഗീകരിക്കപ്പെട്ട എച്ച്-1ബി അപേക്ഷകളിൽ 71 ശതമാനവും ഇന്ത്യക്കാരുടേതാണ്.

എച്ച്-4 വിസ എന്നത് സ്വയം ഒരു തൊഴിൽ വിസയല്ല. എച്ച്-1ബി വിസയുള്ളവരുടെ പങ്കാളികൾക്കും മക്കൾക്കും അമെരിക്കയിൽ ഒപ്പം താമസിക്കാനാണ് ഇത് നൽകുന്നത്. ഗ്രീൻ കാർഡിനായുള്ള നടപടികൾ ആരംഭിച്ച H-1B ഉടമകളുടെ പങ്കാളികൾക്കു മാത്രമാണ് നിലവിൽ പ്രത്യേക ഇഎഡി വഴി ജോലി ചെയ്യാൻ അനുമതിയുള്ളത്. ഈ ആനുകൂല്യമാണ് പുതിയ നീക്കത്തിലൂടെ ഇല്ലാതാകുന്നത്. എങ്കിലും ഇത് നിലവിൽ ഒരു അന്തിമ നിയമമല്ലെന്നും നിർദേശം മാത്രമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

ഫെഡറൽ രജിസ്റ്ററിൽ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ച് ജനങ്ങളുടെ അഭിപ്രായം തേടിയശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. അതുവരെ നിലവിലുള്ള ഇഎഡി ഉള്ളവർക്ക് തടസമില്ലാതെ ജോലി തുടരാം. ട്രംപിന്‍റെ ആദ്യ ഭരണകാലത്തും (2017) സമാനമായ നീക്കം നടത്തിയിരുന്നെങ്കിലും 2021-ൽ അത് പിൻവലിച്ചിരുന്നു. എച്ച്-1ബി നിയമനങ്ങൾക്ക് പുതിയതായി 1,03,265 ഡോളർ ഫീസ് ഈടാക്കാനുള്ള നീക്കവും തൊഴിൽ നഷ്ടപ്പെട്ടാൽ പുതിയ ജോലി കണ്ടെത്താൻ നൽകിയിരുന്ന 60 ദിവസത്തെ സമയം ഒഴിവാക്കാനുള്ള ആലോചനയും പ്രവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com