ദുബായ്: ലേബർ ക്യാമ്പുകളിൽ സൗജന്യ മെഡിക്കൽ പരിശോധന നടത്തുമെന്ന് വെൽനസ് മെഡിക്കൽ സെന്‍റർ അധികൃതർ അറിയിച്ചു. 'പൂർണ ആരോഗ്യം എല്ലാവർക്കും സന്തോഷം' എന്ന പ്രമേയത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് എയിംസ് ഗ്രൂപ് മാനേജിംഗ് ഡയറക്ടർ നാഷിദ് ടി.പി അറിയിച്ചു. തൊഴിലാളികളുടെ സൗകര്യാർത്ഥം അവധി ദിനങ്ങളിലായിരിക്കും പരിശോധന നടത്തുകയെന്ന് മെഡിക്കൽ ഡയറക്ടർ ഡോക്ടർ ഫാത്തിമ വ്യക്തമാക്കി. ഉമുൽഖുവൈൻ വെൽനസ് മെഡിക്കൽ സെന്‍ററിന്‍റെ ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ശനി വൈകിട്ട് 4 ന് ഉമുൽ ഖുവൈൻ ന്യൂ ഇൻഡസ്ട്രിയൽ ഏരിയ 2 വിലെ ബദാമി ബിൽഡിങ്ങിലാണ് മെഡിക്കൽ സെന്‍റർ പ്രവർത്തനം തുടങ്ങുന്നത്.
ദുബായ് ഹെൽത്ത് അതോറിറ്റിയിലെ ഹെൽത്ത് സെക്ടർ ഡയറക്ടർ ഹസ്ന അഹ്മദ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും എം.എൽ.എയുമായ ഡോ. കെ.ടി ജലീൽ, പേസ് ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുല്ല ഇബ്രാഹിം തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. അത്യാധുനിക സൗകര്യങ്ങളോടു കൂടി ക്ലിനിക്, ലബോറട്ടറി, ഫാർമസി എന്നിവയുടെ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാക്കുന്ന ഉമ്മുൽഖുവൈൻ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലെ ആദ്യ മെഡിക്കൽ സെന്‍ററാണിത്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കും. ഇതിന്‍റെ ഭാഗമായി, ഇൻഷുറൻസ് ഇല്ലാത്തവർക്ക് 20 ദിർഹമിന് ചികിത്സ ലഭ്യമാക്കുമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ഫാത്തിമ പറഞ്ഞു.
രോഗികൾക്ക് വീടുകളിൽ നേരിട്ട് മരുന്നെത്തിക്കുന്ന സംവിധാനമാണ് വെൽനസ് മെഡിക്കൽ സെന്‍ററിന്‍റെ പ്രത്യേകത. പീഡിയാട്രിക്സ്, സൈക്യാട്രി തുടങ്ങിയ സ്പെഷ്യാലിറ്റികളും വിവിധ ഡയഗ്നോസ്റ്റിക്, അനുബന്ധ സേവനങ്ങളും ഇവിടെ ലഭ്യമാകും. ഡോ. ജിഷാദ്, ഡോ. ഷഹ്സാദ്, അഡ്വ. ഹാഷിഖ് തൈക്കണ്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.