

അബ്ദുൽ റഹീം
റിയാദ്: കഴിഞ്ഞ 18 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ ജയിൽ മോചിതനാവും. വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് നേരത്തെ പുറത്തുവന്ന സാഹചര്യത്തിൽ, ഭരണപരമായ നടപടിക്രമങ്ങൾ കൂടി പൂർത്തിയാകുന്നതോടെ അദ്ദേഹം ഉടൻ ജയിൽ മോചിതനാകും. കൊല്ലപ്പെട്ട സൗദി ബാലന്‍റെ കുടുംബത്തിന് നൽകേണ്ട 'ബ്ലഡ് മണി' (34 കോടി രൂപ) കോടതിയിൽ കെട്ടിവെച്ചതോടെ വധശിക്ഷ നടപ്പിലാക്കില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കുടുംബം കോടതിയിൽ നേരിട്ടെത്തി മാപ്പുനൽകുന്ന രേഖകളിൽ ഒപ്പിട്ടതോടെ മോചനത്തിനുള്ള ഏറ്റവും വലിയ തടസ്സം നീങ്ങി. ഇനി പ്രോസിക്യൂഷൻ നടപടികളും എക്സിറ്റ് വിസയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളുമാണ് പൂർത്തിയാകാനുള്ളത്.
ഈ നടപടികൾ പുരോഗമിക്കുകയാണെന്നും കോടതിയുടെ അവസാന അനുമതി കൂടി ലഭിച്ചാലുടൻ മോചനം സാധ്യമാകുമെന്നും റിയാദിലെ നിയമ സഹായ സമിതി അറിയിച്ചു. ഈ മാസം 20-ഓടെ അദ്ദേഹം മടങ്ങിയെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും , റിയാദിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.