

അരവണയും അപ്പവും ഇനി വീട്ടിലേക്ക് സ്പീഡ് പോസ്റ്റിൽ അയക്കാം; കൗണ്ടർ തുറക്കും
തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് പ്രസാദം സ്പീഡ് പോസ്റ്റിൽ അയക്കാനുള്ള സൗകര്യമൊരുക്കി തപാൽ വകുപ്പ്. ഇനി മുതൽ ക്ഷേത്രത്തിലെ പ്രസാദമായ അരവണ പായസവും അപ്പവും സ്പീഡ് പോസ്റ്റ് വഴി വീട്ടിലേക്ക് അയക്കാം. വരുന്ന മണ്ഡല- മകരവിളക്ക് തീർഥാടനകാലം മുതൽ ഈ സൗകര്യം പ്രാബല്യത്തിൽ വരും. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് മുഴുവൻ സമയ സ്പെഷ്യൽ ബുക്കിങ് കൗണ്ടർ ശബരിമലയിൽ തുടങ്ങാനാണ് നീക്കം.
അരവണ അപ്പം കൗണ്ടറുകൾക്ക് അടുത്തു തന്നെയായിരിക്കും ബുക്കിങ് കൗണ്ടറുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ, കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ അമിതാഭ് സിങ്ങും സംയുക്തമായി അറിയിച്ചു. വിലാസം നൽകി പണമടച്ചു കഴിഞ്ഞാൽ തീർഥാടകർ വീട്ടിലെത്തുമ്പോഴേക്കും പ്രസാദവും വീട്ടിലെത്തിയിട്ടുണ്ടാകും.
രാജ്യത്തെങ്ങോട്ടു വേണമെങ്കിലും ഇത്തരത്തിൽ പ്രസാദം അയക്കാം. പ്രസാദം വാങ്ങുന്നതിനും മറ്റുമായുള്ള കാത്തിരിപ്പ് സന്നിധാനത്ത് തിരക്കു വർധിപ്പിക്കുന്നത് ഒഴിവാക്കാനും തീർഥാടനം എളുപ്പമാക്കുന്നതിനുമായാണ് ഈ നീക്കം. നവംബർ 17നാണ് ഇത്തവണത്തെ മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.