
ബിനീഷ് മള്ളൂശേരി
എരുമേലി: ശബരിമല തീർഥാടനത്തിന്‍റെ ഭാഗമായി നടന്നഎരുമേലിയിലെ പേട്ട തുള്ളൽ ഭക്തിസാന്ദ്രമായി. ആകാശത്ത് വട്ടമിട്ട് പറന്ന ശ്രീകൃഷ്ണപ്പരുന്തിനെ സാക്ഷിനിർത്തി അമ്പലപ്പുഴ സംഘം ശനിയാഴ്ച രാവിലെ ആദ്യം പേട്ട തുള്ളി. ആലങ്ങാട്ട് സംഘം വൈകിട്ടും പേട്ട തുള്ളി. ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് പേട്ട തുള്ളലിൽ പങ്കെടുത്തത്.
ദേഹമാസകലം സിന്ദൂരം പൂശി കിരീടവും ചൂടി ശരക്കോലും പച്ചിലകളും കൈയിലേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പേട്ട തുള്ളല്‍ നടന്നത്. സ്വാമി തിന്തകത്തോം അയ്യപ്പ തിന്തകത്തോം താളത്തിൽ ചുവടുവച്ചാണ് സ്വാമിമാർ കൊച്ചമ്പലത്തിൽ നിന്ന് പുറപ്പെട്ടത്. തൃക്കടവൂർ ശിവരാജു ഭഗവാന്‍റെ തിടമ്പേറ്റി. രണ്ടു ഗജവീരൻമാർ അകമ്പടിയായി. കൊച്ചമ്പലത്തിൽ നിന്നുമെത്തിയ അമ്പലപ്പുഴ സംഘത്തെ പുഷ്‌പവൃഷ്‌ടി നടത്തി എരുമേലി വാവരു പള്ളിയിലെ പ്രതിനിധികൾ മാലയിട്ടു സ്വീകരിച്ചു. വാവരുടെ പ്രതിനിധിയായ ആസാദ് താഴത്തു വീട്ടിൽ, അമ്പലപ്പുഴ സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്‌ണ പിള്ളയെ കൈപിടിച്ച് ആനയിച്ചു. അമ്പലപ്പുഴ സംഘം വലിയമ്പലത്തിൽ എത്തുന്നതുവരെ വാവരുടെ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നു.
ആന്‍റോ ആന്‍റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ബിജെപി മധ്യമേഖല അധ്യക്ഷൻ എന്‍. ഹരി, എരുമേലി പഞ്ചായത്ത് അധികൃതർ, ദേവസ്വം ബോർഡ് പ്രതിനിധികൾ എന്നിവരും അമ്പലപ്പുഴ സംഘത്തെ അനുഗമിച്ചു. ഉച്ചതിരിഞ്ഞ് ആകാശത്ത് വെള്ളി നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ ആലങ്ങാട്ട് സംഘത്തിന്‍റെ പേട്ട തുള്ളൽ ആരംഭിച്ചു. വൈകിട്ട് സംഘം വലിയമ്പലത്തിൽ പ്രവേശിച്ചതോടെ ഈ വർഷത്തെ എരുമേലി പേട്ട തുള്ളലിന് ഭക്തിസാന്ദ്രമായ സമാപനം കുറിച്ചു.