
ബിനീഷ് മള്ളൂശേരി
പന്തളം: മകരവിളക്കിന് ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തു നിന്ന് ഘോഷയാത്രയ്ക്കു തുടക്കം. ഞായറാഴ് ഉച്ചയോടെ പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്‌താ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടു ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് 14ന് വൈകിട്ട് ശബരിമല സന്നിധാനത്തെത്തും. അന്നു വൈകിട്ട് തിരുവാഭരണം ചാർത്തിയുടെ ദീപാരാധനയുടെ സമയത്താണ് ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരവിളക്കും തെളിയുന്നത്.
ഞായറാഴ്ച ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിൽ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നു തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിച്ചു. തുടർന്ന് ശ്രീകോവിലിനു മുന്നിൽ പൂജിച്ച ഉടവാൾ വലിയ തമ്പുരാൻ രാജ പ്രതിനിധിക്കു കൈമാറി. തിരുവാഭരണ പേടകം അടച്ച് മേൽശാന്തി നീരാജനം ഉഴിഞ്ഞ ശേഷം രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജവർമ നാലമ്പലത്തിനു പുറത്തെത്തി പല്ലക്കിലേറി തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു.
മരുതമന ശിവൻകുട്ടി പൂജാപാത്രങ്ങളടങ്ങിയ പെട്ടിയും കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ കൊടിപ്പെട്ടിയും ശിരസിലേറ്റി ഗുരുസ്വാമിയെ അനുഗമിച്ചു.ഞായർ രാത്രി അയിരൂർ പുതിയ കാവിൽ വിശ്രമിച്ച യാത്രാ സംഘം ഇന്ന് ളാഹ വനംവകുപ്പ് സത്രത്തിൽ രാത്രി തങ്ങും. നാളെയാണ് ശബരിമലയിലെത്തുക. സന്നിധാനത്ത് കളഭവും മാളികപ്പുറത്ത് ഗുരുതിയും നടത്തി ശബരിമല നടയടച്ചതിനു ശേഷമാണ് രാജപ്രതിനിധി തിരുവാഭരണങ്ങളുമായി പന്തളത്തേക്കു മടങ്ങുക.