
ശബരിമല: അയ്യപ്പഭക്തരുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിനു സാഫല്യമായി മകരവിളക്ക്. അയ്യനെ ദർശിക്കാനെത്തിയ ഭക്തരുടെ തിരക്കിലമർന്നു പമ്പയും സന്നിധാനവും ശരണവഴികളും. ഒന്നര ലക്ഷത്തിലേറെ പേരെയാണു സന്നിധാനത്ത് ദർശനത്തിനു പ്രതീക്ഷിക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നു തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് സന്നിധാനത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭക്തരുടെ സുരക്ഷയ്ക്ക് ബാരിക്കേഡുകൾ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ക്രമീകരണങ്ങളൊരുക്കി.
ഇന്നു രാവിലെ 10 മുതൽ നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾക്ക് നിയന്ത്രണമുണ്ട്. തിരുവാഭരണ ഘോഷയാത്രയ്ക്കു വഴിയൊരുക്കേണ്ടതിനാൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് ശേഷം പമ്പയിൽ നിന്നു സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടില്ല. ഘോഷയാത്രയെ വൈകിട്ട് 5.30 ന് ശരംകുത്തിയിൽ ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസർ ബി. മുരാരി ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും.
6.30 ന് കൊടിമരച്ചുവട്ടിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എ൯. വാസവൻ, തമിഴ്നാട് ഹിന്ദുമത ധർമ സ്ഥാപന മന്ത്രി പി.കെ. ശേഖർ ബാബു, ദേവസ്വം ബോ൪ഡ് പ്രസിഡന്റ്, അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിക്കും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തുടർന്ന് ഭഗവാന് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും. ചൊവ്വാഴ്ച രാവിലെ 8.45നു മകരസംക്രമ മുഹൂർത്തത്തിൽ തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് എത്തിക്കുന്ന നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്യുന്നത്. ജനുവരി 19 ന് മാളികപ്പുറത്തെ മഹാഗുരുതിയോടെ ഈ മകരവിളക്ക് മഹോത്സവത്തിന് സമാപനമാവും.
ദേവസ്വം ബോ൪ഡ് കോൺഫറ൯സ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ദേവസ്വം ബോ൪ഡ് അംഗങ്ങളായ ജി. അജികുമാ൪, ജി. സുന്ദരേശ൯ എന്നിവരും പങ്കെടുത്തു.
ചൊവ്വാഴ്ച രാവിലെ 10ന് സന്നിധാനം ശാസ്താ ശാസ്താ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ദേവസ്വം മന്ത്രി ഹരിവരാസനം പുരസ്കാരം സമ്മാനിക്കും.