

മണ്ഡല-മകരവിളക്ക് മഹോത്സവം: 1,36,000ത്തിലധികം പേർ ദർശനം നടത്തിയെന്ന് എഡിജിപി
file image
ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നട തുറന്ന ശേഷം ഇതുവരെ 1,36,000ത്തിലധികം പേർ ദർശനം നടത്തിയതായി എഡിജിപി എസ്. ശ്രീജിത്ത്. സന്നിധാനത്തെ പൊലിസ് ക്രമീകരണങ്ങൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യദിനം മാത്രം 55,000ഓളം പേരാണ് ദർശനത്തിനെത്തിയത്. തീർഥാടനകാലത്തേക്കായി 18,000 പൊലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. നിലവിൽ 3500 ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
തീർഥാടകർ നിർദേശങ്ങൾ പാലിച്ച് ദർശനം നടത്തി മടങ്ങണം. വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെയുള്ള 70,000 പേരെയും സ്പോട്ട് ബുക്കിങ്ങിലൂടെയുള്ള 20,000 പേരെയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക.
എല്ലാവർക്കും സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിനായി വെർച്വൽ ക്യൂ പാസ് അനുവദിച്ചിട്ടുള്ള ദിവസം തന്നെ ദർശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.