

മണ്ഡല- മകരവിളക്ക് ഉത്സവങ്ങൾക്ക് ഒരുങ്ങി ശബരിമല; ഓൺലൈൻ ബുക്കിങ് തുടങ്ങി
file image
സന്നിധാനം: ഇക്കൊല്ലത്തെ മണ്ഡല- മകരവിളക്ക് ഉത്സവങ്ങൾക്ക് ഒരുക്കങ്ങളായി. മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഞായറാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി താഴമൺ കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ നിന്നുളള ദീപം കൊണ്ട് ആഴി ജ്വലിപ്പിക്കും.പതിനെട്ടാം പടിക്ക് താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ കൈ പിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.30ഓടെ ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് അവരോധിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിയുടെ അവരോധിക്കൽ ചടങ്ങും നടക്കും.
തിങ്കളാഴ്ച പുലർച്ചെ വൃശ്ചിക പുലരിയിൽ ശബരിമല, മാളികപ്പുറം മേൽശാന്തിമാർ നട തുറന്ന് ഭക്തരെ പ്രവേശിപ്പിക്കുന്നതോടെ ഈ വർഷത്തെ തീർഥാടന കാലത്തിന് തുടക്കമാകും. ദിവസവും പുലർച്ചെ 3 മണി മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 11 മണി വരെ ഹരിവരാസനം പാടി നട അടയ്ക്കും വരെയായിരിക്കും ദർശനം.
27നാണ് മണ്ഡല പൂജ. അന്നു നടയടച്ചാൽ പിന്നീട് ഡിസംബർ 30ന് വൈകിട്ട് 5ന് മകരവിളക്ക് ഉത്സവത്തിനായി നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക് ഉത്സവം. ഭക്തർക്ക് ജനുവരി 19 വരെ ദർശനം നടത്താം.
ഓൺലൈന്‍ വിർച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തത്സമയ ബുക്കിങ് കൗണ്ടറുകളുണ്ടാകും. ഓണ്‍ലൈനായി ബുക്ക് ചെയ്ത് 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം നടത്താം. ഓണ്‍ലൈന്‍ ദര്‍ശനം ബുക്കു ചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും.