

പങ്കജ് ഭണ്ഡാരിയും ഗോവർധനും
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ജ്വല്ലറി ഉടമ ഗോവർധനും അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണ സംഘത്തിനു മേൽ സംശയമുണ്ടെന്ന ഹൈക്കോടതി പരാമർശത്തിനു തൊട്ടു പുറകേയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയിലൂടെ പങ്കജ് ഭണ്ഡാരി സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.സ്മാർട് ക്രിയേഷൻസിന്‍റെ ഓഫിസിൽ എത്തിച്ചാണ് സ്വർണം വേർതിരിച്ചതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. മാത്രമല്ല പോറ്റി നിരന്തരമായി ബന്ധം പുലർത്തിയിരുന്നവരിൽ ഒരാള് പങ്ക് ഭണ്ഡാരി. അതു പോലെ തന്നെ ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവർധനുമായും പോറ്റി ബന്ധപ്പെട്ടിരുന്നു.
സ്മാർട് ക്രിയേഷൻസിനെ പോറ്റിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഗോവർധനാണെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്യുന്നതിനു മുൻപു തന്നെ ഭണ്ഡാരിയെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. പിന്നീട് ഒരാഴ്ച മുൻപും വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വീട്ടിൽ അത്യാവശ്യ ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ട് എന്നറിയിച്ചതിനാലാണ് അന്നു വിട്ടയച്ചതെന്നാണ് റിപ്പോർട്ട്. പ്രത്യേക അന്വേഷണ സംഘത്തിന് ആലസ്യമാണെന്ന് ഹൈക്കോടതി വിമർശിച്ചതിനു തൊട്ടു പിന്നാലെ ഇരുവരെയും അറസ്റ്റ് ചെയ്യാൻ എസ്ഐടി തീരുമാനിക്കുകയായിരുന്നു.