ദുബായ്: ദുബായിലെ നിരത്തുകളിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കുന്നതിന് ആർ ടി എ -ദുബായ് പോലീസ് സംയുക്ത പട്രോൾ യൂണിറ്റുകൾ തുടങ്ങി.ഷേഖ് മുഹമ്മദ് ബിൻ സായിദ് റോഡ്,എമിറേറ്റ്സ് റോഡ്, അൽ ഖെയ്‌ൽ റോഡ്,റാസൽഖോർ റോഡ്,അൽ മക്തൂം എയർപോർട്ട് റോഡ്,ദുബായ്-അൽ ഐൻ റോഡ് എന്നിവിടങ്ങളിലാണ് നിരീക്ഷണം നടത്തുന്നത്. ഗതാഗത സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ആർ ടി എ പോലീസ് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടിയെന്ന് ദുബായ് പോലീസ് ഓപ്പറേഷൻസ് വിഭാഗം അസി.കമാൻഡൻറ് മേജർ ജനറൽ അബ്ദുള്ള അലി അൽ ഗെയ്ത്തി പറഞ്ഞു.
ഗതാഗത നിരീക്ഷണം-നിയമനിർവഹണം,റോഡ്-വാഹന എൻജിനീയറിങ്ങ്,ഗതാഗത ബോധവൽക്കരണം, മാനേജ്മെന്‍റ് സംവിധാനത്തിന്റെ പുരോഗതി എന്നീ നാല് മേഖലകൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടങ്ങൾ ഒഴിവാക്കുന്നതിന് നിയമപാലനം,വേഗപരിധി പാലിക്കൽ,രണ്ട് വാഹനങ്ങൾക്കിടയിൽ അകലം സൂക്ഷിക്കൽ,ബ്രേക്ക് പരിശോധന,ടയർ സുരക്ഷ എന്നിവ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമലംഘനം നടത്തിയാൽ പോലീസ് കർശന നടപടി സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും ആർ ടി എ ഗതാഗത റോഡ് ഏജൻസി സി ഇ ഒ ഹുസൈൻ അൽ ബന്ന മുന്നറിയിപ്പ് നൽകി.
അഡ്‌നോക്കിന്‍റെ സഹകരണത്തോടെ ആറിടങ്ങളിൽ 10 ട്രക്ക് സ്റ്റോപ്പുകൾ നിർമിച്ചതായി അദ്ദേഹം അറിയിച്ചു. ആറെണ്ണം കൂടി നിർമിക്കും.ഓരോ സ്റ്റോപ്പിലും 5000 മുതൽ 10000 വരെ സ്‌ക്വയർ മീറ്റർ സ്ഥലമുണ്ടാകും.30 മുതൽ 45 വരെ ട്രക്കുകൾക്ക് ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കും. പ്രാർത്ഥന മുറി,വിശ്രമ സ്ഥലം,ഇന്ധനം നിറക്കാനുള്ള സൗകര്യം എന്നിവയും ഉണ്ടാവുമെന്ന് ഹുസൈൻ അൽ ബന്ന പറഞ്ഞു.