ഇറാനെ റഷ്യ രഹസ്യമായി സഹായിക്കുന്നതായി റിപ്പോര്‍ട്ട്

2023 മുതൽ സൂപ്പര്‍സോണിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ ഇറാന് റഷ്യൻ സഹായം ലഭിക്കുന്നുണ്ട്.
 Russia reportedly secretly helping Iran

ഇറാനെ റഷ്യ രഹസ്യമായി സഹായിക്കുന്നതായി റിപ്പോര്‍ട്ട്

Updated on

ലണ്ടന്‍: ഒരു രഹസ്യ പദ്ധതിയിലൂടെ അത്യാധുനിക സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ വികസിപ്പിക്കാന്‍ റഷ്യ ഇറാനെ സഹായിക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യയിലെ ഏറ്റവും പരിചയസമ്പന്നരായ മിസൈല്‍ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണിത്. സി430എല്‍ (C430L) എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന പദ്ധതി 2023-ലാണ് ആരംഭിച്ചതെന്ന് ' ഫിനാന്‍ഷ്യല്‍ ടൈംസ് ' റിപ്പോര്‍ട്ട് ചെയ്തു. ശബ്ദവേഗതയുടെ പലമടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ ക്രൂയിസ് മിസൈലുകളെ പ്രാപ്തമാക്കുന്ന 'റാംജെറ്റ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം' (ramjet propulsion system) വികസിപ്പിക്കാന്‍ ഇറാനെ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. റഷ്യ നടത്തിയ ആശയവിനിമയങ്ങള്‍, യാത്രാ വിവരങ്ങള്‍, സൈനിക പേറ്റന്‍റുകളുടെ വിശകലനം എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് 'ഫിനാന്‍ഷ്യല്‍ ടൈംസ്' ഇക്കാര്യം കണ്ടെത്തിയത്. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ സംഘര്‍ഷത്തിനിടയിലും ഈ പദ്ധതി തുടര്‍ന്നിരുന്നതായി കണ്ടെത്തി. ദശാബ്ദങ്ങളായി ഇറാന്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്ന തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള സൈനിക സാങ്കേതികവിദ്യ കൂടിയാണിത്.

കപ്പലുകളെയും കരയിലെ ലക്ഷ്യങ്ങളെയും ആക്രമിക്കുന്ന ക്രൂയിസ് മിസൈലുകളില്‍ റാംജെറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കാനാകും. ഉയര്‍ന്ന വേഗതയും കുറഞ്ഞ ഉയരത്തില്‍ പറക്കാനുള്ള ശേഷിയും ഒത്തുചേരുന്നവയാണു സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍. അമെരിക്കയും സഖ്യസേനകളും കരയിലും കടലിലും വിപുലമായ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുള്ള ഗള്‍ഫ് മേഖലയില്‍, ഇറാനെ സംബന്ധിച്ചിടത്തോളം ഈ സാങ്കേതികവിദ്യ അതീവ നിര്‍ണായകമാണ്.

റഷ്യയുടെ സഹായത്തോടെയുള്ള സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിന്യസിച്ചതിന് തെളിവുകളൊന്നുമില്ലെങ്കിലും, റാംജെറ്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം ഇറാന്‍ ഇതിനകം നിര്‍മിക്കുകയും പരീക്ഷണപ്പറക്കല്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് 'ഫിനാന്‍ഷ്യല്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഇറാനികളെ സംബന്ധിച്ചിടത്തോളം, യുഎസ് നാവികസേനാ കപ്പലുകളെ ഭീഷണിപ്പെടുത്താന്‍ കഴിയുന്ന, പുതിയൊരു തന്ത്രപ്രധാന ആയുധ സംവിധാനം ഇതിലൂടെ അവര്‍ക്ക് ലഭിക്കും,' സിഐഎയില്‍ ഇറാന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന മുന്‍ സൈനിക വിശകലന വിദഗ്ധനും നിലവില്‍ 'ജെയിംസ് മാര്‍ട്ടിന്‍ സെന്‍റര്‍ ഫോര്‍ നോണ്‍-പ്രൊലിഫറേഷന്‍ സ്റ്റഡീസി'ല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജിം ലാംസണ്‍ 'ഫിനാന്‍ഷ്യല്‍ ടൈംസി' നോട് പറഞ്ഞു.

റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപരവും സൈനികവുമായ ബന്ധം കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സഹകരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യുക്രെയ്‌നിലെ യുദ്ധത്തില്‍ മോസ്‌കോയുടെ നിര്‍ണായക ആയുധമായി മാറിയ 'ഷാഹെദ്' ആക്രമണ ഡ്രോണുകള്‍ ഇറാന്‍ റഷ്യയ്ക്ക് നല്‍കിയിട്ടുണ്ട്.

കൂടാതെ, റഷ്യയില്‍ തന്നെ ഈ ഡ്രോണുകള്‍ നിര്‍മിക്കാനുള്ള സൗകര്യമൊരുക്കുന്നതിലും ഇറാന്‍ സഹായിച്ചിട്ടുണ്ട്. അമെരിക്കയുമായും ഇസ്രയേലുമായുള്ള സംഘര്‍ഷവേളയില്‍ ഇറാന് യുദ്ധക്കളത്തില്‍ ആവശ്യമായ സഹായങ്ങള്‍ റഷ്യ നല്‍കിയതായി നേരത്തെ തന്നെ യുക്രെയ്‌നിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com