

ഇന്ത്യയുടേത് അചഞ്ചലവും ശക്തവുമായ പിന്തുണ: നെതന്യാഹു
ടെൽ അവീവ്: ഇന്ത്യയിൽ നിന്നും ഇസ്രയേലിന് ലഭിക്കുന്നത് അചഞ്ചലവും ശക്തവുമായ പിന്തുണയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വ്യാഴാഴ്ച വെസ്റ്റ്ബാങ്കിൽ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് ഇന്ത്യയെ പുകഴ്ത്തി നെതന്യാഹു രംഗത്തു വന്നത്.
ഇന്ത്യൻ പൊതുജനങ്ങൾ ഇസ്രയേലിനോട് കാണിക്കുന്ന സ്നേഹം അചഞ്ചലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും ശക്തവും അചഞ്ചലവുമായ പിന്തുണ ഇന്ത്യ തനിക്കും ഇസ്രയേലിനും നൽകുന്നു എന്ന് നെതന്യാഹു പറഞ്ഞു.
ലോകത്തെ പലഭാഗത്തു നിന്നും തങ്ങൾക്കെതിരേ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും എന്നാൽ ഇന്ത്യയ്ക്ക് ഇസ്രയേലിനോട് അതിശക്തമായ സ്നേഹമാണുള്ളതെന്നും അത് ശരിക്കും ഭ്രാന്തമായ സ്നേഹമാണെന്നും തങ്ങൾക്ക് ലോകത്തിലെ മറ്റെവിടെയുള്ളതിനേക്കാളും കൂടുതൽ അനുയായികളുള്ളത് ഇന്ത്യയിലാണെന്നാണ് താൻ കരുതുന്നതെന്നും നെതന്യാഹു പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപ്രധാനമായ ഇസ്രായേല്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായി. ജറുസലേമിൽ നടന്ന കൂടിക്കാഴ്ചയിൽ സമാധാനം, നവീകരണം, സമൃദ്ധി എന്നിവയ്ക്കായുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലേയ്ക്ക് ഇന്ത്യ-ഇസ്രയേൽ ബന്ധങ്ങളെ ഉയർത്തുന്നതായി ഇരു നേതാക്കളും പ്രഖ്യാപിച്ചു.