

ചെങ്കടലിൽ ഇന്ത്യൻ ചരക്കു കപ്പലിനു നേരെ ആക്രമണം
ന്യൂഡൽഹി: ചെങ്കടലിൽ യെമെന്‍റെ പടിഞ്ഞാറൻ തീരത്ത് ഇന്ത്യൻ ചരക്കു കപ്പലിനു നേരെ ആക്രമണം. എംഎസ് സി ഫൈസ് നൂർ ഒലിയ എന്ന ചരക്കു കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പൽ മറിഞ്ഞു. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരിൽ 13 പേർ ഇന്ത്യക്കാരും ഒരാൾ യെമൻ സ്വദേശിയുമായിരുന്നു. എല്ലാവരെയും യെമൻ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖ നഗരത്തിന് തെക്കായി 13 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം നടന്നത്. യെമന്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും സംയുക്ത രക്ഷാപ്രവര്‍ത്തനം നടത്തിയാണ് കപ്പലിലുണ്ടായിരുന്നവരെ കരയിലെത്തിച്ചത്. ആക്രമണത്തെ തുടര്‍ന്ന് കപ്പല്‍ മറിഞ്ഞ് പിന്നീട് പൂര്‍ണമായും മുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യന്‍ കപ്പലിന് നേരെയുണ്ടായ പ്രകോപനമില്ലാത്ത ആക്രമണം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ഇന്ത്യന്‍ നാവികരുടെ സുരക്ഷയാണ് പരമപ്രധാനമെന്നും രക്ഷപ്പെടുത്തിയ മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു.
മേഖലയിലെ ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രക്ഷപ്പെടുത്തിയവര്‍ക്കാവശ്യമായ എല്ലാ സഹായവും നല്‍കുന്നതിനുമായി ഡയറക്റ്റര്‍ ജനറല്‍ ഒഒഫ് മാരിടൈം അഡ്മിനിസ്‌ട്രേഷന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയവും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസി യെമന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിച്ചു വരികയാണെന്നും മന്ത്രാലയം അറിയിച്ചു. മേഖലയിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ അതീവ ആശങ്കാജനകമാണെന്നും അന്താരാഷ്ട്ര സമുദ്രപാതകളിലൂടെ തടസ്സമില്ലാത്ത കപ്പല്‍ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ കഴിഞ്ഞ മാസം സൗദി അറേബ്യയ്ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചെങ്കടലില്‍ സുരക്ഷാ ഭീഷണി കൂടുതല്‍ രൂക്ഷമായത്. ആഗോള വ്യാപാരത്തിനും ഊര്‍ജവിതരണത്തിനും നിര്‍ണായകമായ ബാബ് അല്‍-മന്ദേബ് കടലിടുക്ക് ഉള്‍പ്പെടുന്ന ഈ മേഖലയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.