125 വർഷം പഴക്കമുള്ള ക്ഷേത്രം തകർത്ത് പാക്കിസ്ഥാനിൽ മദ്രസ വിപുലീകരണം

കനത്ത മഴയെത്തുടർന്ന് ക്ഷേത്രം തകർന്നുവീഴുകയായിരുന്നു എന്നാണ് സർക്കാർ അധികാരികളുടെ വിശദീകരണം
125 year old Pakistan Hindu temple demolished for Madrasa

ക്ഷേത്രം തകർക്കപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനകളും.

Updated on

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നൂറിലധികം വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഹിന്ദു ക്ഷേത്രം തകർക്കപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനകളും രംഗത്ത്. ലഹോറിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ നരോവാൽ ജില്ലയിലെ സിരാജ് ഗ്രാമത്തിൽ സ്ഥിതി ചെയ്തിരുന്ന 125 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ആസൂത്രിതമായി തകർക്കപ്പെട്ടത്. അടുത്തുള്ള മദ്രസ വിപുലീകരിക്കാൻ ക്ഷേത്രഭൂമി കൈയേറുന്നതിന്‍റെ ഭാഗമായാണ് ഓഗസ്റ്റ് 21-ഓടെ ഇത് തകർത്തതെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കനത്ത മഴയെത്തുടർന്ന് ക്ഷേത്രം തകർന്നുവീഴുകയായിരുന്നു എന്നാണ് സർക്കാർ അധികാരികളുടെ വിശദീകരണം.

നിരോധിക്കപ്പെട്ട തീവ്ര ഇസ്ലാമിക സംഘടനയായ തെഹ്രിക്-ഇ-ലബ്ബൈക് പാക്കിസ്ഥാന്‍റെ (TLP) പ്രവർത്തകരാണ് ഈ അതിക്രമത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഏകദേശം 1,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഭൂമിയിലാണ് ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രം തകർത്തതിന് പുറമെ അവിടുത്തെ അവശിഷ്ടങ്ങളും നിർമാണ സാമഗ്രികളും കടത്തിക്കൊണ്ടുപോയതായി പാക്കിസ്ഥാൻ മസീഹി മില്ലത്ത് പാർട്ടി (PMMP) ചെയർമാൻ അസ്ലാം പർവേസ് സഹോത്ര ആരോപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി മറിയം ഷെരീഫിന്‍റെ സർക്കാർ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ക്ഷേത്രം പൂർവസ്ഥിതിയിൽ പുനർനിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷേത്രത്തോട് ചേർന്നുള്ള ഭൂമി നേരത്തെ ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് (ETPB) ഒരു മദ്രസയുടെ ആവശ്യത്തിനായി പാട്ടത്തിന് നൽകിയിരുന്നതാണെന്ന് സഹോത്ര വ്യക്തമാക്കി. എന്നാൽ, വർഷങ്ങളായി വാടക നൽകാത്തതിനെത്തുടർന്നും ഉദ്ദേശിച്ച ആവശ്യത്തിന് ഭൂമി ഉപയോഗിക്കാത്തതിനാലും ഈ പാട്ടക്കരാർ പിന്നീട് റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് ജനുവരി 29-ന് അധികൃതർ ഈ പ്രദേശം ഒഴിപ്പിച്ച് പൂട്ടി സീൽ ചെയ്യാൻ ഉത്തരവിട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു.

നരോവാൽ ജില്ലാ സമാധാന സമിതി അംഗവും ഹിന്ദു നേതാവുമായ രത്തൻ ലാലും സംഭവത്തെ അപലപിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെയും ഇയർപിയുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ക്ഷേത്രം തകർക്കാൻ ഇടയാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മദ്രസയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശത്തെ ഹിന്ദു സമൂഹത്തിന് അവിടം സന്ദർശിക്കാൻ പോലും ഭയമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ ഹിന്ദു, സിഖ്, ക്രിസ്ത്യൻ ആരാധനാലയങ്ങളുടെയും അവയോട് ചേർന്നുള്ള ഭൂമിയുടെയും സംരക്ഷണം സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

100 മുതൽ 125 വർഷം വരെ പഴക്കമുള്ള ആ ക്ഷേത്രം ഇവിടെയുണ്ടായിരുന്നെങ്കിലും, പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്നാണ് അത് തകർന്നു വീണതെന്നാണ് ഔദ്യോഗിക വിശദീകരണം. ക്ഷേത്രഭൂമി ആർക്കും പാട്ടത്തിന് നൽകിയിട്ടില്ലെന്നും, ക്ഷേത്രത്തിന്‍റെ പുനർനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉയർന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ തീരുമാനം എടുക്കുമെന്നും അധികൃതർ.

logo
Metro Vaartha
www.metrovaartha.com