അണുബോംബ് നിർമിക്കാനുറച്ച് ടെഹ്റാൻ: ഐആർജിസി മാധ്യമത്തിൽ ലേഖനം

അണുബോംബ് നിർമാണമല്ലാതെ ഇറാനു മറ്റു ബദലുകളില്ലെന്നും ആണവ പ്രതിരോധം അത്യാവശ്യമെന്നും ലേഖനം
Article in IRGC media says Iran has no other alternative but to build a nuclear bomb and nuclear deterrence is essential

അണുബോംബ് നിർമാണമല്ലാതെ ഇറാനു മറ്റു ബദലുകളില്ലെന്നും ആണവ പ്രതിരോധം അത്യാവശ്യമെന്നും ഐആർജിസി മാധ്യമത്തിൽ  ലേഖനം

Updated on

മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി ഉൾപ്പടെയുള്ളവർ ആണവായുധ നിർമാണം നിരോധിച്ചു കൊണ്ട് മുൻപ് ഫത്വ പുറപ്പെടുവിച്ചിരുന്നു

ടെഹ്റാൻ: അമെരിക്കയുടെയും ഇസ്രയേലിന്‍റെയും കടുത്ത സൈനിക ഭീഷണികളെ പ്രതിരോധിക്കാൻ അണുബോംബ് നിർമിക്കുകയല്ലാതെ ഇറാനു മുന്നിൽ മറ്റു ബദൽ മാർഗങ്ങളില്ലെന്ന് അർധ-ഔദ്യോഗിക ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ്. ഫാർസിന്‍റെ പുതിയ വിലയിരുത്തൽ ലേഖനത്തിലാണ് ഇതുള്ളത്. ഇറാന്‍റെ രാഷ്ട്രീയ-സുരക്ഷാ വൃത്തങ്ങളുമായും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായും അടുത്ത ബന്ധം പുലർത്തുന്ന മാധ്യമമാണിത്.

ഇറാനെ കൈയേറാനും വിഭജിക്കാനുമുള്ള ശത്രുനീക്കങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തിന് ആണവ പ്രതിരോധ ശേഷി കൈവരിക്കുകയല്ലാതെ മറ്റു മാർഗമില്ല എന്ന് പേര് വെളിപ്പെടുത്താത്ത ലേഖകൻ തന്‍റെ വിശകലനത്തിൽ വ്യക്തമാക്കുന്നു. തങ്ങൾക്ക് ആവശ്യമായ സമാധാനം ഉറപ്പാക്കാനും അവശേഷിക്കുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താനും ഇറാന് ആണവ പ്രതിരോധം അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ മാത്രമേ അമെരിക്കയുമായി തുല്യ ശക്തിയോടെ ചർച്ചകൾ നടത്താൻ ഇറാനു സാധിക്കൂ എന്നും ലേഖനം പറയുന്നു.

അറ്റോമിക് ബോംബുകളുള്ള അമെരിക്കയ്ക്കും ഇസ്രയേലിനുമെതിരേ കൃത്യമായ ഒരു ശക്തി സന്തുലനം നിലനിർത്താൻ ആണവ പ്രതിരോധം സഹായിക്കും. ഇത് യുദ്ധം പൂർണമായി ഇല്ലാതാക്കില്ലെങ്കിലും ഉണ്ടാകാൻ സാധ്യതയുള്ള സംഘർഷങ്ങളുടെ വ്യാപ്തി നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുമെന്നും ലേഖനത്തിൽ പറയുന്നു.

എന്നാൽ അണുബോംബ് നിർമിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന ഇറാന്‍റെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമാണ് ഈ മാധ്യമ വിലയിരുത്തൽ. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി ഉൾപ്പടെയുള്ളവർ ആണവായുധ നിർമാണം നിരോധിച്ചു കൊണ്ട് മുൻപ് ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇറാന്‍റെ ഭരണകൂടമോ മറ്റ് ഔദ്യോഗിക മാധ്യമങ്ങളോ ഇത്തരം ഒരു വാദത്തെ ഇതുവരെ പരസ്യമായി പിന്തുണച്ചിട്ടില്ല. അതേസമയം ഇറാന്‍റെ ആണവ മോഹങ്ങളെ തടയുക എന്നതാണ് നിലവിലെ സംഘർഷത്തിന്‍റെ പ്രധാന കാരണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടയിലാണ് ഇത്തരം ഒരു റിപ്പോർട്ട് പുറത്തു വരുന്നത്.

logo
Metro Vaartha
www.metrovaartha.com