എസ് 500 നിർമിച്ചു നൽകാം; പുതിയ വാഗ്ദാനവുമായി റഷ്യ

നൂറുകണക്കിനു കിലോമീറ്ററുകൾ അകലെ വച്ച് ദീർഘദൂര, ഭൂതല-വ്യോമ, ബാലിസ്റ്റിക് മിസൈലുകളെ ഇതു തകർക്കും.
 S-500

എസ് 500

Updated on

ന്യൂഡൽഹി: അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം എസ് 500 ഇന്ത്യയ്ക്ക് നൽകാമെന്നു റഷ്യ വീണ്ടും അറിയിച്ചതായി റിപ്പോർട്ട്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനമായ എസ് 400ന്‍റെ അഞ്ചു യൂണിറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതോടെയാണു പുതിയ വാഗ്ദാനം. എസ് 500 വാങ്ങാൻ ഇന്ത്യ നേരത്തേ താത്പര്യം അറിയിച്ചിരുന്നു. എന്നാൽ, നിലവിൽ ആഭ്യന്തര ആവശ്യത്തിനാണു മുൻഗണനയെന്നും ഉത്പാദനം വർധിപ്പിക്കാൻ സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ റഷ്യൻ പങ്കാളിക്കൊപ്പം ഇന്ത്യയിൽ ഇതു നിർമിക്കുന്നതു പരിഗണിക്കാമെന്നുമാണു റഷ്യ മറുപടി നൽകിയത്. ഇത് നിർമാണച്ചെലവ് വർധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ, അഞ്ചു യൂണിറ്റ് എസ് 400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നതിനു പുറമേ മറ്റൊരു അഞ്ചു യൂണിറ്റുകൾ കൂടി വാങ്ങിയാൽ റഷ്യയിൽ നിർമിച്ച എസ് 500 യൂണിറ്റുകളും സാങ്കേതിക വിദ്യയും കൈമാറാമെന്നാണു പുതിയ വാഗ്ദാനം. 500 കോടിയിലേറെ ഡോളർ വിലവരും അഞ്ച് എസ് 400 യൂണിറ്റുകൾക്ക്.

പ്രാഥമിക പരീക്ഷണങ്ങൾക്കുശേഷം എസ് 500ന്‍റെ ആദ്യ യൂണിറ്റ് റഷ്യ 2025 അവസാനത്തോടെ വിന്യസിച്ചിരുന്നു. യുക്രെയ്‌നുമായി യുദ്ധം തുടരുന്ന സാഹചര്യത്തിൽ എസ് 400നൊപ്പം കൂടുതൽ എസ് 500 യൂണിറ്റുകൾ വിന്യസിക്കാനാണ് റഷ്യയുടെ തീരുമാനം. ഈ സാഹചര്യത്തിൽ 2029നുശേഷം മാത്രമേ എസ് 500 യൂണിറ്റുകൾ കയറ്റുമതി ചെയ്യാൻ റഷ്യയ്ക്ക് കഴിയൂ.

യുദ്ധവിമാനം, ക്രൂസ്- ബാലിസ്റ്റിക് മിസൈൽ, ഹൈപ്പർസോണിക് ഗ്ലൈഡ് വാഹനങ്ങൾ, താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങൾ തുടങ്ങിയവയടക്കം വ്യോമഭീഷണികളെ ആകാശത്തു വച്ചുതന്നെ തകർക്കുന്ന ഉയർന്ന ശ്രേണിയിലുള്ള വ്യോമ- മിസൈൽ പ്രതിരോധ സംവിധാനമായാണ് എസ് 500നെ വിശേഷിപ്പിക്കുന്നത്. 100 കണക്കിനു കിലോമീറ്ററുകൾ അകലെ വച്ച് ദീർഘദൂര, ഭൂതല-വ്യോമ, ബാലിസ്റ്റിക് മിസൈലുകളെ ഇതു തകർക്കും.

ഇന്ത്യയ്ക്ക് നിലവിൽ നാല് എസ് 400 യൂണിറ്റുകളുണ്ട്. 2018ൽ ഒപ്പുവച്ച കരാർ പ്രകാരം അഞ്ച് എസ് 400 യൂണിറ്റുകളാണ് ലഭിക്കേണ്ടത്. ഇതിൽ അഞ്ചാമത്തേത് ഈ വർഷം അവസാനത്തോടെ ലഭിക്കും. ഇന്ത്യ നേരിടുന്ന സവിശേഷ ഭീഷണികളെ നേരിടാനാകുന്ന വിധത്തിൽ ഇതിൽ പരിഷ്കരണം വരുത്തിയിരുന്നു നമ്മുടെ പ്രതിരോധ വകുപ്പ്. ഓപ്പറേഷൻ സിന്ദൂറിൽ എസ് 400ന്‍റെ പ്രതിരോധം നിർണായകവുമായിരുന്നു. ഇതിന്‍റെ പരിഷ്കരിച്ച പതിപ്പാണ് എസ് 500.

logo
Metro Vaartha
www.metrovaartha.com