

എച്ച്1 ബി വിസ ഇല്ലാതാകുമെന്ന ആശങ്കയിൽ ഇന്ത്യക്കാർ
വാഷിങ്ടൺ: ഇന്ത്യക്കാർ യുഎസിലേയ്ക്ക് എത്തിച്ചേരുന്നതിന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എച്ച് 1 ബി വിസ ഇല്ലാതാകുമെന്ന ആശങ്ക വർധിക്കുന്നു. യുഎസ് തൊഴിൽ വകുപ്പ് ഇൻസ്പെക്റ്റർ ജനറലിന്‍റെ പ്രസ്താവനയാണ് ഇത്തരത്തിൽ ഒരു ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്.
യുഎസിലെ എച്ച് 1ബി വിസാ പദ്ധതിയിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ വൻ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് തൊഴിൽ വകുപ്പിലെ ഇൻസ്പെക്റ്റർ ജനറൽ ആന്‍റണി ഡി എസ്പോസിറ്റോ വ്യക്തമാക്കി. വിദേശ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും നിരവധി കേസുകളിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കാണുന്ന എച്ച് 1 ബി സംവിധാനമായിരിക്കില്ല 365 ദിവസത്തിന് ശേഷം ഉണ്ടാകുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. കമന്‍റേറ്റർ ബെന്നി ജോൺസണുമായുള്ള അഭിമുഖത്തിലാണ് ഡി എസ്പോസിറ്റോയുടെ പ്രതികരണം. എച്ച് 1 ബി വിസാ പദ്ധതി പൂർണമായി നിർത്തലാക്കുമെന്ന് അദ്ദേഹം നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും അടുത്ത വർഷത്തോടെ പദ്ധതി വളരെ വ്യത്യസ്തമായിരിക്കുമെന്ന് വ്യക്തമാക്കിയതാണ് ആശങ്കയ്ക്കു കാരണം. ചില മാധ്യമങ്ങൾ ഈ പരാമർശത്തെ എച്ച്1 ബി പദ്ധതി പൂർണമായി അവസാനിപ്പിക്കാനുള്ള സാധ്യതയായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
വിദേശ തൊഴിലാളി സംവിധാനത്തിലെ ക്രമക്കേടുകള്‍ക്കെതിരെ നടക്കുന്ന നടപടി സാധാരണ രേഖാപരിശോധന മാത്രമല്ലെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട തട്ടിപ്പ്, തൊഴിലാളി ചൂഷണം, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങളില്‍ രാജ്യവ്യാപക അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് യുഎസ് അധികൃതര്‍.
വ്യാജ തൊഴിലുടമകള്‍, ഇല്ലാത്ത ജോലികള്‍, അനധികൃതമായി വിസ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഡി’എസ്‌പോസിറ്റോ പറഞ്ഞു. സെപ്റ്റംബര്‍ 18ന് തൊഴില്‍ വകുപ്പിന്‍റെ ഇന്‍സ്‌പെക്റ്റര്‍ ജനറല്‍ ഓഫീസ് നിരവധി സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായും നിരവധി കുറ്റങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. എച്ച് 1ബി വിസയ്ക്ക് പുറമേ ജെ വണ്‍ വിസ ഉപയോഗിച്ച് ചില കോളെജുകള്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളും അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ എച്ച് 1 ബി വിസാ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനുള്ള മറ്റ് നടപടികളും ട്രംപ് ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അപേക്ഷിക്കുന്ന കമ്പനികള്‍ സമാന ജോലികളിലുള്ള അമേരിക്കന്‍ തൊഴിലാളികളെ അടുത്തിടെ പിരിച്ചുവിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പുതിയ നിര്‍ദേശം. ചില പുതിയ എച്ച് 1 ബി വിസാ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളറിന്‍റെ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്