

അമെരിക്ക ഐക്യവും നീതിയും സമാധാനവും പുലർത്തണം: ലിയോ മാർപ്പാപ്പ
ഫിലാഡൽഫിയ: അമെരിക്ക ഐക്യവും നീതിയും സമാധാനവും പുലർത്തണമെന്ന ആഹ്വാനവുമായി ആഗോള കത്തോലിക്കാ സഭാ തലവൻ ലിയോ പതിനാലാമൻ മാർപ്പാപ്പ. ഫിലാഡൽഫിയ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു സംസാരിക്കുയായിരുന്നു മാർപ്പാപ്പ. മുപ്പതിലധികം മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചിരുന്ന സദസിനെ അഭിസംബോധന ചെയ്ത അദ്ദേഹം ലിബർട്ടി മെഡൽ ധരിച്ചാണ് പ്രസംഗിച്ചത്.
"തലമുറകൾക്ക് മികച്ച ജീവിതവും സ്വപ്നം കണ്ട ധീരരാൽ സ്ഥാപിതമായ ഈ മഹത്തായ രാജ്യത്തിന്‍റെ പുത്രനെന്ന നിലയിൽ അമെരിക്കയുടെ ഭാവിക്കായി ദൈവാനുഗ്രഹത്തിനായി പ്രാർഥിക്കുന്നതിൽ ഞാനും നിങ്ങളോടൊപ്പം ചേരുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‍റെ തുടക്കത്തിൽ പ്രതിഷ്ഠിക്കപ്പെട്ട മഹത്തായ ആശയങ്ങൾ ഐക്യം, നീതി,സമാധാനം എന്നിവയിൽ രാജ്യത്തിന്‍റെ വളർച്ചയ്ക്ക് ഇനിയും വഴി കാട്ടട്ടെ" മാർപ്പാപ്പ പറഞ്ഞു.
ലോകമെമ്പാടും മതസ്വാതന്ത്ര്യവും മന:സാക്ഷിയുടെ സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനായി പോപ്പ് നടത്തിയ ജീവിതകാല പ്രവർത്തനങ്ങളെ മാനിച്ചാണ് ലിബർട്ടി മെഡൽ സമ്മാനിക്കുന്നതെന്ന് നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്‍ററിന്‍റെ ഇടക്കാല പ്രസിഡന്‍റും സിഇഒയുമായ വിൻസ് സ്റ്റാംഗോ പറഞ്ഞു. അമെരിക്കയുടെ സ്ഥാപക നേതാക്കളും യുഎസ് ഭരണഘടനയിലെ ആദ്യ ഭേദഗതിയും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പങ്കെടുത്ത പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോ ഈ ബഹുമതി നൽകാൻ ഫിലാഡൽഫിയയും കോൺസ്റ്റിറ്റ്യൂഷൻ സെന്‍ററും ഏറ്റവും അനുയോജ്യമായ വേദികളാണ് എന്നു പറഞ്ഞു. ചിക്കാഗോയിൽ ജനിച്ച പോപ്പ് ഫിലാഡൽഫിയയ്ക്കു സമീപമുള്ള വില്ലനോവ സർവകലാശാലയിലാണ് കോളെജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ലോകത്ത് അസാധാരണമായ സ്വാധീനം ചെലുത്തിയ മതനേതാവാണ് പോപ്പ് ലിയോ എന്നും ഷാപിറോ പറഞ്ഞു. അമെരിക്കയുടെ 250ാം വാർഷികാഘോഷങ്ങളുടെ തലേന്നു നടത്തിയ പ്രസംഗത്തിൽ ഒരു രാജ്യം അഭിവൃദ്ധി പ്രാപിക്കണമെങ്കിൽ അത് യഥാർഥത്തിൽ ഐക്യപ്പെടണം. താൽക്കാലിക ലക്ഷ്യങ്ങളല്ല, കാലാതീതമായ ആദർശങ്ങളാണ് ആ ഐക്യത്തിന്‍റെ അടിസ്ഥാനമെന്നും പോപ്പ് പറഞ്ഞു.
അമെരിക്കയുടെ സ്ഥാപകർ ഭരണഘടനയിൽ ഉറപ്പു നൽകിയ ആദ്യ അവകാശം ജീവിക്കാനുള്ള അവകാശമാണെന്നും ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരാൾക്കും യഥാർഥ സ്വാതന്ത്ര്യം അനുഭവിക്കാനോ യഥാർഥ സന്തോഷം തേടാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.