

ഡോണൾഡ് ട്രംപ്, ജെ.ഡി. വാൻസ്
വാഷിങ്ടൺ: 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ നിന്ന് അകലാൻ ശ്രമിക്കുകയാണെന്ന് മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് ആരോപിച്ചുകൊണ്ടാണ് വാൻസ് ട്രംപിൽ നിന്ന് അകലം പാലിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബോൾട്ടന്റെ പ്രതികരണം.
വാൻസിന്റെ പരാമർശങ്ങളെ 'തികച്ചും തെറ്റായതും' 'വലിയ രാഷ്ട്രീയ അബദ്ധവു'മായാണ് ബോൾട്ടൻ വിശേഷിപ്പിച്ചത്. സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള വോട്ടർമാരുടെ അതൃപ്തി, വിലക്കയറ്റം, ട്രംപിന്റെ താരിഫ് നയങ്ങൾ തുടങ്ങിയ വിശാലമായ വിഷയങ്ങൾ റിപ്പബ്ലിക്കൻ പാർട്ടി അവഗണിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''വാൻസിന്റെ പ്രസ്താവനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് 2028ലെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായുള്ള പ്രചാരണത്തിന്റെ തുടക്കമാണെന്നതിൽ സംശയമില്ല. രാഷ്ട്രീയമായി വലിയ അപകടസാധ്യതയുള്ള നീക്കമാണ് അദ്ദേഹം നടത്തുന്നത്''- ബോൾട്ടൻ പറഞ്ഞു.
നവംബർ മൂന്നിന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി കനത്ത തിരിച്ചടിയാണ് നേരിട്ടത്. സെനറ്റ്, ജനപ്രതിനിധിസഭ എന്നിവ രണ്ടും എതിരാളിയായ ഡെമോക്രാറ്റിക് പാർട്ടി പിടിച്ചെടുത്തു. പല സംസ്ഥാനങ്ങളിലെ ഗവർണർ, മേയർ സ്ഥാനങ്ങളും റിപ്പബ്ലിക്കൻ പാർട്ടിക്ക് നഷ്ടമായി.
2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് യുഎസ് ഇനി നേരിടാൻ പോകുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ്. രണ്ട് തവണ പ്രസിഡന്റായതിനാൽ ട്രംപിന് ഇനി മത്സരിക്കാനാകില്ല. ട്രംപിന്റെ വിശ്വസ്തനും വിദേശകാര്യ സെക്രട്ടറിയുമായ മാർക്കോ റൂബിയോ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. ട്രംപ് ഭരണകൂടത്തിലെ മറ്റൊരു പ്രമുഖനാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഹെഗ്സെത്തും താൽപര്യം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന നിലപാടാണ് വാൻസ് ഇതുവരെ മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ ഇത് മാറാനും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇവർ മൂന്ന് പേരും തീരുമാനിച്ചാൽ സ്ഥാനാർഥിത്വത്തിന് വേണ്ടിയുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറിയിൽ യുഎസ് ഭരണകൂടത്തിലെ വൻ തോക്കുകളുടെ പോരാട്ടമായിരിക്കും നടക്കുക.