മെലോണിയോടു വഴക്കിട്ട് ട്രംപ്

ഇറാനെതിരേ അമെരിക്കയുടെ നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതിൽ ഇറ്റലി കാണിച്ച വിമുഖതയെ തുടർന്നാണ് വലതു പക്ഷ നേതാക്കളായ ട്രംപും മെലോണിയും തമ്മിലുള്ളബന്ധം കൂടുതൽ വഷളായതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
 Trump fights with Meloni

മെലോണിയോടു വഴക്കിട്ട് ട്രംപ്

Updated on

വാഷിങ്ടൺ: നാറ്റോ ഉച്ചകോടി നടക്കാനിരിക്കെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിയുമായി വാക് പോരുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അടുത്തിടെ നടന്ന ജി-7 ഉച്ചകോടിക്കിടെ മെലോണി തന്നോടൊപ്പം ഫോട്ടോ എടുക്കാൻ വീണ്ടും വീണ്ടും ആവശ്യപ്പെട്ടെന്നും അതിനായി അവർ യാചിച്ചു എന്നുമുള്ള ട്രംപിന്‍റെ പരാമർശമാണ് ഇരു നേതാക്കളും തമ്മിലുള്ള തർക്കത്തിന് തുടക്കമായത്.

ഇപ്പോൾ ആ വിവാദം വീണ്ടും ആളിക്കത്തിച്ചു കൊണ്ട് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യലിൽ ഒരു എഡിറ്റ് ചെയ്ത ചിത്രം പങ്കു വച്ചിരിക്കുകയാണ്. ആ ചിത്രത്തിനൊപ്പം മെലോണിയിൽ നിന്നു രക്ഷപെടാൻ തനിക്ക് ‘റെസ്‌ട്രെയിനിംഗ് ഓര്‍ഡര്‍’ (അകലം പാലിക്കാന്‍ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്) വേണമെന്ന തരത്തിലുള്ള പരിഹാസക്കുറിപ്പുമുണ്ട്.

ട്രംപിന്‍റെ ഈ ചിത്രത്തിൽ ട്രംപിനെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ജോർജിയ മെലോണിയെയാണ് കാണാനാകുക. ഈ ചിത്രം ഉപയോഗിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ട്രംപിനോട് ആരാധന പ്രകടിപ്പിക്കുന്നു എന്ന ധ്വനി സൃഷ്ടിക്കാനാണ് ട്രംപ് ശ്രമിച്ചിരിക്കുന്നത്. മുൻ പ്രസിഡന്‍റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും ഗ്രാഫിറ്റി വരച്ച എയർഫോഴ്സ് വൺ വിമാനത്തിലേയ്ക്ക് കൈവീശി കയറുന്നതായി എഡിറ്റ് ചെയ്ത മറ്റൊരു ചിത്രവും ഇതോടൊപ്പം ഞായറാഴ്ച ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കു വച്ചിരുന്നു.

ഊര്‍ജ നയത്തിലും കുടിയേറ്റ വിഷയത്തിലും യൂറോപ്യന്‍ രാജ്യങ്ങള്‍ ഗുരുതരമായ തെറ്റുകള്‍ വരുത്തിയെന്നും, ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കിൽ യൂറോപ്പ് ഇനി പഴയതുപോലെ ആയിരിക്കില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിന്‍റെ ഈ പരാമർശങ്ങളെ തുടർന്ന് ഇറ്റാലിയൻ വിദേശകാര്യമന്ത്രി അന്‍റോണിയോ തയാനി വാഷിങ്ടണിലേയ്ക്കുള്ള മുൻ കൂട്ടി നിശ്ചയിച്ച സന്ദർശനം റദ്ദാക്കി. അതേസമയം ട്രംപിന്‍റെ അവകാശ വാദങ്ങൾ പൂർണമായും കെട്ടിച്ചമച്ചതാണ് എന്ന് മെലോണി തിരിച്ചടിച്ചു.

‘ഇറ്റലിയും ഞാനും ഒരിക്കലും ആരുടെയും മുന്നില്‍ യാചിച്ചിട്ടില്ല. ഇന്ന് ഞാന്‍ അമേരിക്കാ വിരുദ്ധയല്ല; ഇന്നലെയും ആരുടെയും മുന്നില്‍ മുട്ടുകുത്തിയിരുന്നില്ല. പാശ്ചാത്യ ലോകം ഐക്യത്തിലായിരിക്കുമ്പോഴാണ് കൂടുതല്‍ ശക്തമാകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഐക്യപ്പെട്ട പാശ്ചാത്യ ലോകത്തിനൊപ്പമാണ് ഇറ്റലിയും കൂടുതല്‍ ശക്തമാകുന്നതെന്നും ഞാന്‍ കരുതുന്നു. അതിനുവേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും. എന്നാല്‍ ദൃഢമായ ബന്ധങ്ങള്‍ തുറന്നുപറച്ചിലിന്‍റെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. ഞാന്‍ തുറന്നുപറയുന്ന വ്യക്തിയാണ്,’ മെലോണി ഇറ്റാലിയൻ വാർത്താ ഏജൻസിയോടു പറ‍ഞ്ഞു.

ഇറാനെതിരേ അമെരിക്കയുടെ നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതിൽ ഇറ്റലി കാണിച്ച വിമുഖതയെ തുടർന്നാണ് വലതു പക്ഷ നേതാക്കളായ ട്രംപും മെലോണിയും തമ്മിലുള്ളബന്ധം കൂടുതൽ വഷളായതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

logo
Metro Vaartha
www.metrovaartha.com