

നികേഷ് അറോറ, തോമസ് കുര്യൻ, സഞ്ജയ് മെഹ്റോത്ര
സാൻ ഫ്രാൻസിസ്കോ: എൻവിഡിയയുടെ ദീർഘകാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ജെൻസൻ ഹുവാങ്ങിന് പകരക്കാരനെ കണ്ടെത്താനുള്ള നടപടികൾ കമ്പനി ആരംഭിച്ചു. ഒന്നിലധികം വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഹുവാങ് രാജിവച്ചതോടെയാണ് പുതിയ സിഇഒയെ കണ്ടെത്താനുള്ള നീക്കം. കമ്പനിയുടെ ഇടക്കാല സിഇഒയായി ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊളെറ്റ് ക്രെസിനെ നിയമിച്ചിട്ടുണ്ട്.
പുതിയ സിഇഒയെ കണ്ടെത്തുന്നതിനായി അകത്തുനിന്നും പുറത്തുനിന്നുമുള്ള സ്ഥാനാർഥികളെ പരിഗണിക്കുമെന്ന് എൻവിഡിയ ഡയറക്റ്റർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. സാധ്യതയുള്ള 11 പേരുകളാണ് പരിഗണനയിലുള്ളത്. ഇതിൽ ഒരു മലയാളി അടക്കം മൂന്ന് ഇന്ത്യൻ വംശജരുമുണ്ട്.
സഞ്ജയ് മെഹ്റോത്ര
മെമ്മറി ചിപ്പ് നിർമാതാക്കളായ മൈക്രോണിന്റെ സിഇഒയാണ് സഞ്ജയ് മെഹ്റോത്ര. നാല് പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള അദ്ദേഹം 2017 മുതൽ കമ്പനിയെ നയിക്കുന്നു. 1988ൽ സാൻഡിസ്ക് സഹസ്ഥാപകനായ അദ്ദേഹം 2011 മുതൽ 2016ൽ കമ്പനി വിൽക്കുന്നതുവരെ സിഇഒയായിരുന്നു. എഐ സംവിധാനങ്ങൾക്ക് ആവശ്യമായ മെമ്മറി ചിപ്പുകളുടെ പ്രധാന വിതരണക്കാരായി മൈക്രോണിനെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
നികേഷ് അറോറ
സൈബർ സുരക്ഷാ കമ്പനിയായ പാലോ ആൾട്ടോ നെറ്റ്വർക്ക്സിന്റെ സിഇഒയാണ് നികേഷ് അറോറ. 2018 മുതൽ കമ്പനിയെ നയിക്കുന്ന അദ്ദേഹം എഐ അധിഷ്ഠിത സൈബർ സുരക്ഷാ മേഖലയിൽ കമ്പനിയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകി. സോഫ്റ്റ്ബാങ്കിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഗൂഗിളിലും പത്ത് വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ചിപ്പ് വികസന മേഖലയിലെ പരിചയം താരതമ്യേന കുറവാണ്.
തോമസ് കുര്യൻ
ഗൂഗിൾ ക്ലൗഡിന്റെ സിഇഒയാണ് മലയാളിയായ തോമസ് കുര്യൻ. ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, എന്റർപ്രൈസ് സോഫ്റ്റ്വെയർ, എഐ സേവനങ്ങൾ എന്നിവയുടെ ചുമതല വഹിക്കുന്ന അദ്ദേഹം എൻവിഡിയയുടെ പ്രധാന ഉപഭോക്താക്കളുമായും സാങ്കേതികവിദ്യകളുമായും അടുത്ത ബന്ധം പുലർത്തുന്നു. എന്നാൽ ചിപ്പ് ഡിസൈൻ മേഖലയിൽ നേരിട്ടുള്ള പരിചയം അദ്ദേഹത്തിനില്ല.
എൻവിഡിയ ചീഫ് ഫിനാഷ്യൽ ഓഫീസർ കൊളെറ്റ് ക്രെസ്, കമ്പനിയുടെ വൈസ് പ്രസിഡന്റ് ഇയാൻ ബക്ക്, ചിപ്പ് ഡിസൈൻ കമ്പനിയായ ആമിന്റെ സിഇഒ റെനെ ഹാസ്, ഇന്റലിന്റെ മുൻ സിഇഒ പാറ്റ് ഗെൽസിംഗർ, എൻവിഡിയയുടെ പ്രധാന എതിരാളികളിലൊന്നായ എഎംഡിയുടെ സിഇഒ ലിസ സൂ, മാർവെൽ ടെക്നോളജിയുടെ സിഇഒ മാറ്റ് മർഫി, ആപ്പിളിന്റെ ചീഫ് ഹാർഡ്വെയർ ഓഫീസർ ജോണി സ്രൗജി, മുൻ ആപ്പിൾ സിഇഒ ടിം കുക്ക് എന്നിവരാണ് പരിഗണിക്കപ്പെടുന്ന മറ്റുള്ളവർ.