325 മില്യൺ ഡോളറിന്‍റെ കൈക്കൂലി കേസ്; ചൈനയിൽ മുൻ സർക്കാർ ഉദ്യോഗസ്ഥന് വധശിക്ഷ

സാമ്പത്തിക കുറ്റകൃത്യ കേസിൽ വധശിക്ഷ കിട്ടുന്ന മൂന്നാമത്തെ സർക്കാർ ഉദ്യോഗസ്ഥൻ
Former Chinese official Yang Yulin, convicted in a corruption case, in court

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ചൈനീസ് ഉദ്യോഗസ്ഥന്‍ യാങ് യുലിന്‍ കോടതിയില്‍

Updated on

ബെയ്ജിങ്: അഴിമതി കേസില്‍ ചൈനീസ് സര്‍ക്കാരിലെ മുന്‍ ഉദ്യോഗസ്ഥന് വധശിക്ഷ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇയാള്‍ 325 മില്യണ്‍ യുഎസ് ഡോളര്‍ (3097 കോടി രൂപ) കൈക്കൂലിയായി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചൈനീസ് കോടതി ശിക്ഷ വിധിച്ചത്.

നാന്‍ജിങ് സിറ്റിയുടെ ഇക്കണോമിക് സോണ്‍ മുന്‍ വൈസ് ഡയറക്റ്ററായ യാങ് യുലിനിനാണ് ശിക്ഷ. 2013 മുതല്‍ 2023 വരെയുള്ള കാലയളവിലാണ് ഇയാള്‍ ഭീമന്‍ തുക കൈക്കൂലി ഇനത്തില്‍ കൈപ്പറ്റിയത്. കൈക്കൂലി വാങ്ങിയതിനു പുറമെ സാമ്പത്തിക തട്ടിപ്പ്, അധികാര ദുര്‍വിനിയോഗം, കള്ളപ്പണ ഇടപാട് തുടങ്ങിയ കുറ്റങ്ങളും ഇയാളുടെ മേല്‍ ചുമത്തിയിട്ടുണ്ട്. പ്രതിയുടെ കുറ്റകൃത്യങ്ങള്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് കോടതി പറഞ്ഞു.

ചൈനയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ വിധിക്കുന്നത് പതിവുള്ളതല്ല. എന്നാല്‍ 2021 മുതല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരായ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്യാമ്പയിന്‍ പ്രകാരം രാജ്യത്ത് രണ്ടു മുന്‍ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഴിമതിക്കാരെ ശിക്ഷിക്കാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം ചൈനയില്‍ ശക്തമായ ക്യാമ്പയിന്‍ നടന്നുവരികയാണ്. ഇതുപ്രകാരമാണ് യാങ് യുലിനിനെതിരെ നടപടി എടുത്തത്. കഴിഞ്ഞ ആഴ്ച നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 105ാം വാര്‍ഷികാഘോഷ വേളയില്‍ സംസാരിക്കവേ അഴിമതിക്കെതിരായ ക്യാമ്പയിന്റെ പ്രാധാന്യത്തെപ്പറ്റി ഷി ജിന്‍പിങ് എടുത്തുപറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com