

2026 മാർച്ച് 23 ന് ഇംഗ്ലണ്ടിലെ ലണ്ടനിലെ ഗോൾഡേഴ്‌സ് ഗ്രീൻ പ്രദേശത്ത് മാക്‌സൈക്ക് ഹദത്ത് സിനഗോഗിന് സമീപം നാല് ഹാറ്റ്‌സോള ആംബുലൻസുകൾ രാത്രി മുഴുവൻ കത്തിച്ചതിന് ശേഷം അഗ്നിശമന സേന സംഭവസ്ഥലം നിരീക്ഷിക്കുന്നത് തുടരുന്ന ഒരു ആകാശ കാഴ്ച.
വടക്കൻ ലണ്ടനിലെ ഒരു ജൂത സമൂഹ സംഘടനയുടെ നാല് ആംബുലൻസുകൾ രാത്രി മുഴുവൻ കത്തിച്ച് പ്രതികാരം വീട്ടി ഇറാൻ സൗഹൃദ ബഹുരാഷ്ട്ര തീവ്രവാദ കൂട്ടായ്മ ഇസ്ലാമിക് മൂവ്മെന്‍റ് ഒഫ് ദി പീപ്പിൾ ഒഫ് ദി റൈറ്റ് ഹാൻഡ്. ആഴത്തിൽ ഞെട്ടിക്കുന്ന ജൂത വിരുദ്ധ തീവയ്പ് ആക്രമണം എന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ.
ലണ്ടൻ ഫയർ ബ്രിഗേഡ് ആറു ഫയർ എൻജിനുകളെയും 40 ഫയർ ഫൈറ്റർമാരെയും സ്ഥലത്തേയ്ക്ക് അയച്ചു. ഗോൾഡേഴ്സ് ഗ്രീനിലെ ഒരു സിനഗോഗിനു സമീപമായിരുന്നു ഈ ആക്രമണം. ബെൽജിയം, ഗ്രീസ് നെതർലണ്ട്സ് എന്നിവിടങ്ങളിലെ ജൂത വിരുദ്ധ ആക്രമണങ്ങൾക്കു സമാനമായ തീപിടിത്തമായിരുന്നു ഇതെന്നും ഇതിനു പിന്നിൽ ഇസ്ലാമിക് മൂവ്മെന്‍റ് ഒഫ് ദി പീപ്പിൾ ഒഫ് ദി റൈറ്റ് ഹാൻഡ് ആണെന്നും SITE ഇന്‍റലിജൻസ് വെബ്സൈറ്റ് അറിയിച്ചു. ജൂത വിരുദ്ധതയെ അപലപിച്ച് രംഗത്തെത്തിയ സ്റ്റാർമർ ബ്രിട്ടനിൽ ജൂത വിരുദ്ധതയ്ക്കു സ്ഥാനമില്ലെന്നും ഈ ഭയാനകമായ വാർത്തയിലേയ്ക്ക് ഉണരുന്ന ജൂത സമൂഹത്തിനൊപ്പമാണ് തന്‍റെ ചിന്തകളെന്നും പറഞ്ഞു.
മെഡിക്കൽ അടിയന്തരാവസ്ഥകളോട് പ്രതികരിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹാറ്റ്സോളയുടേതാണ് കത്തിച്ച ആംബുലൻസുകൾ. 2023 ഒക്റ്റോബറിൽ ഗാസ യുദ്ധത്തിനു കാരണമായ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങൾക്കു ശേഷം ജൂത ജനതയ്ക്കും ലക്ഷ്യങ്ങൾക്കുമെതിരായ ആക്രമണങ്ങൾ ലോകമെമ്പാടും വർധിച്ചു. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കുമെന്ന് സ്റ്റാർമർ മുന്നറിയിപ്പു നൽകിയിരുന്നു.
2023ലെ ആക്രമണത്തിനു ശേഷം ബ്രിട്ടനിൽ കടുതത് ജൂത വിരുദ്ധ വിദ്വേഷമാണ് ആളിപ്പടർന്നത്. ജൂത കലണ്ടറിലെ ഏറ്റവും പുണ്യ ദിനമായ യോം കീപ്പൂരിൽ രണ്ട് ജൂത ആരാധകരെ കൊന്നത് 2025 ലെ മാഞ്ചസ്റ്റർ ആക്രമണത്തിലായിരുന്നു. ബ്രിട്ടനിലാകെ 290,000 ജൂതന്മാരാണുള്ളത്. ഈ തീപിടിത്തം ലീജ്, റോട്ടർഡാം, ആംസ്റ്റർഡാം എന്നിവിടങ്ങളിൽ നടന്ന ജൂത വിരുദ്ധ തീപിടിത്ത ആക്രമണങ്ങൾക്ക് സമാനമാണെന്ന് ലണ്ടനിലെ ജൂതന്മാരുടെ സുരക്ഷാ ഉപദേശകനും കമ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റിന്‍റെ ചീഫ് എക്സിക്യൂട്ടീവുമായ മാർക്ക് ഗാർഡ്നർ പറഞ്ഞു.