

ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് മുന്‍ പെന്‍റഗണ്‍ ഉദ്യോഗസ്ഥന്‍റെ മുന്നറിയിപ്പ്
ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും ബംഗ്ലാദേശ് അധികൃതരുമായി "യാതൊരു വിട്ടുവീഴ്ചയും' ചെയ്യരുതെന്നും മൈക്കല്‍ റൂബിന്‍
ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ അതിന് താരിഖ് റഹ്‌മാന്‍ സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ മൈക്കല്‍ റൂബിന്‍. ന്യൂയോര്‍ക്കില്‍ "ബംഗ്ലാദേശിന്‍റെ ഭാവി' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കവെ, ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും ബംഗ്ലാദേശ് അധികൃതരുമായി "യാതൊരു വിട്ടുവീഴ്ചയും' ചെയ്യരുതെന്നും മൈക്കല്‍ റൂബിന്‍ ആവശ്യപ്പെട്ടു.
"ഷെയ്ഖ് ഹസീനയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ഉപദ്രവമുണ്ടായാല്‍, അവരുടെ തലയിലെ ഒരു മുടിക്ക് പോലും പോറലേറ്റാല്‍ അതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാനും മറ്റുള്ളവരും മാത്രമായിരിക്കും ഉത്തരവാദികളെന്ന് മുന്‍കൂട്ടിത്തന്നെ അവരെ അറിയിക്കേണ്ട സമയമാണിതെന്ന് ' 2002 മുതല്‍ 2004 വരെ പെന്‍റഗണില്‍ സേവനമനുഷ്ഠിച്ച റൂബിന്‍ പറഞ്ഞു. അമെരിക്കന്‍ അംബാസഡറോടും മറ്റ് എംബസികളിലെ പ്രതിനിധികളോടും ഈ സന്ദേശം ധാക്കയില്‍ എത്തിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
ബംഗ്ലാദേശിന്‍റെ വിജയദിനമാണ് ഡിസംബര്‍ 16. അന്ന് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്നാണ് ഹസീന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മൈക്കല്‍ റൂബിന്‍ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. എന്നാല്‍, ഹസീന ബംഗ്ലാദേശില്‍ തിരിച്ചെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന് ബംഗ്ലാദേശില്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഹസീനയുടെ തിരിച്ചുവരവിന് നിലവിലെ ബിഎന്‍പി സര്‍ക്കാര്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് അവാമി ലീഗ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച അവാമി ലീഗ് ആഹ്വാനം ചെയ്ത ' ലോക്ക്ഡൗണ്‍ ' ദിനത്തില്‍ ധാക്കയിലുടനീളം അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതേ തുടര്‍ന്നു ബംഗ്ലാദേശ് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഹസീനയുടെ മുന്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു
ധാക്ക: ബംഗ്ലാദേശില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മുന്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയെയും മറ്റ് രണ്ടു പേരെയും വ്യാഴാഴ്ച പുലര്‍ച്ചെ ധാക്കയില്‍ വച്ച് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ധന്‍മോണ്ടി-27 പ്രദേശത്തുനിന്നാണ് ഹസീനയുടെ മുന്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കെ.എം. ഷഖാവത്ത് മൂണിനെയും മറ്റ് രണ്ടു പേരെയും കസ്റ്റഡിയിലെടുത്തതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എസ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. മൂണിനൊപ്പം അറസ്റ്റിലായ മറ്റുള്ളവര്‍ മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ മുഹമ്മദ് ഇല്യാസ് ഹുസൈനും ആദായനികുതി അഭിഭാഷകന്‍ സൂഫി മുഹമ്മദ് അല്‍ മാമൂനുമാണെന്നാണ് റിപ്പോര്‍ട്ട്. ധാക്കയിലെ ധന്‍മോണ്ടി പ്രദേശത്തുവച്ച് 'ജാതിയതാബാദി ഛത്ര ദള്‍' (ജെസിഡി) നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടിയ മൂണ്‍, ഹുസൈന്‍, മാമൂന്‍ എന്നിവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് 'ഡെയ്‌ലി സ്റ്റാര്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു. ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) വിദ്യാര്‍ഥി വിഭാഗമാണ് ജെസിഡി.
ഈ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഹമ്മദ്പുര്‍ പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടി ഓഫിസര്‍ സബ് ഇന്‍സ്പെക്റ്റര്‍ മസൂദുര്‍ റഹ്‌മാന്‍ അറിയിച്ചു. അടുത്ത മാസം ഷെയ്ഖ് ഹസീന തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളെത്തുടര്‍ന്ന് രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ബിഎന്‍പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിവിധ ജില്ലകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി അതിര്‍ത്തി അര്‍ധസൈനിക വിഭാഗത്തിന്‍റെ 108 പ്ലാറ്റൂണുകളെ വിന്യസിച്ചു.