

‘സമ്മാനമായി കിട്ടുമ്പോള് സ്വീകരിക്കണം’ ട്രംപ്
വാഷിങ്ടൺ: ഖത്തറിലെ രാജകുടുംബം സമ്മാനമായി നൽകിയ ആഡംബര വിമാനം സ്വീകരിച്ചതിനെ ന്യായീകരിച്ച് അമെരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമ്മാനങ്ങൾ ലഭിക്കുമ്പോൾ അവ സ്വീകരിക്കുകയാണ് വേണ്ടതെന്നും 747 വിമാനം സമ്മാനമായി നല്കുമ്പോള് പറയേണ്ടത് നന്ദി മാത്രമാണെന്നും ട്രംപ് പറഞ്ഞു. അരിസോണയിലെ ബുള്ഹെഡ് സിറ്റിയില് റിപ്പബ്ലിക്കന് പാര്ട്ടിയുടെ പ്രചാരണ പരിപാടിയില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറില്നിന്ന് ലഭിച്ച വിമാനം പുതിയ എയര്ഫോഴ്സ് വണ് വിമാനമായാണ് ട്രംപ് അവതരിപ്പിച്ചത്. അതിന്റെ രൂപകൽപനയെയും സൗകര്യങ്ങളെയും വർണിക്കാനും ട്രംപ് മറന്നില്ല.വിമാനം സ്വീകരിച്ചതിനെതിരെ നേരത്തേ റിപ്പബ്ലിക്കന്, ഡെമോക്രാറ്റിക് പാര്ട്ടികളില്നിന്ന് വിമര്ശനങ്ങള് ഉയര്ന്നിരുന്നു.
ഫലത്തിൽ ചോദിച്ചു വാങ്ങിയതു തന്നെ: സമ്മതിച്ചു ട്രംപ്
ഖത്തറിന് മികച്ച 747 വിമാനങ്ങളുണ്ടെന്ന് അറിഞ്ഞതോടെയാണ് താന് ഇക്കാര്യം പരിഗണിച്ചതെന്ന് ട്രംപ് പറഞ്ഞു. വിമാനം കുറച്ചുകാലത്തേക്ക് ഉപയോഗിക്കാന് ഖത്തര് ഭരണാധികാരിയോട് ചോദിച്ചതായും അപ്പോൾ ഖത്തര് അമീര് അത് സമ്മാനമായി നല്കാമെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വര്ഷമാണ് ട്രംപ് വിമാനം സ്വീകരിച്ചത്. ഇതിനെതിരെ സ്വന്തം പാര്ട്ടിയിലെ പ്രമുഖ നേതാക്കള് ഉള്പ്പെടെ വിമര്ശനം ഉന്നയിച്ചിരുന്നു. ബുധനാഴ്ച അരിസോണയിലെത്തിയ ട്രംപിനെ സ്വീകരിക്കാന് വിമാനത്താവളത്തില് അനുയായികള് തടിച്ചുകൂടി. ചുവപ്പ്, വെള്ള, നീല, സ്വര്ണ നിറങ്ങള് ഉള്പ്പെടുത്തിയ പുതിയ രൂപകല്പനയിലുള്ള വിമാനം വിമാനത്താവളത്തിന് മുകളിലൂടെ താഴ്ന്നുപറന്ന ശേഷമാണ് ഇറങ്ങിയത്. പതിവ് ചുവന്ന തൊപ്പി ധരിച്ചെത്തിയ ട്രംപ്, ലീ ഗ്രീന്വുഡിന്റെ ‘ഗോഡ് ബ്ലെസ് ദി യുഎസ്എ’ എന്ന ഗാനം മുഴങ്ങുന്നതിനിടെ വേദിയിലെത്തി.
നവംബര് മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന് പാര്ട്ടിക്ക് പിന്തുണ ഉറപ്പിക്കാനുള്ള പ്രചാരണയാത്രയുടെ ഭാഗമായാണ് ട്രംപ് വിവിധ സംസ്ഥാനങ്ങള് സന്ദര്ശിക്കുന്നത്. തിങ്കളാഴ്ച ഒഹായോയിലും ചൊവ്വാഴ്ച അലാസ്കയിലും പ്രചാരണം നടത്തിയ അദ്ദേഹം ബുധനാഴ്ച അരിസോണയിലെത്തി. അരിസോണയില് റിപ്പബ്ലിക്കന് സ്ഥാനാര്ഥി ആന്ഡി ബിഗ്സിന് പിന്തുണ തേടിയായിരുന്നു ട്രംപിന്റെപ്രസംഗം. ഡെമോക്രാറ്റിക് ഗവര്ണര് കാറ്റി ഹോബ്സിനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിഗ്സ്. സംസ്ഥാനത്തെ മത്സരസാധ്യതയുള്ള രണ്ട് ജനപ്രതിനിധി സഭാ മണ്ഡലങ്ങളിലെ റിപ്പബ്ലിക്കന് സ്ഥാനാര്ഥികളായ ജെയ് ഫീലിയും നിലവിലെ അംഗം ജുവാന് സിസ്കോമാനിയും പരിപാടിയില് പങ്കെടുത്തില്ല.
വിലക്കയറ്റം ട്രംപിന്റെ ജനപ്രീതി കുറച്ചു
പ്രസംഗത്തിനിടെ വാഷിങ്ടണിലെ വൈറ്റ് ഹൗസില് നിര്മിക്കുന്ന പുതിയ ബാള്റൂം, സൗത്ത് ലോണില് പൂര്ത്തിയാക്കിയ ഹെലിപാഡ്, തലസ്ഥാനത്ത് നിര്മിക്കാന് പദ്ധതിയിടുന്ന വിജയകമാനം എന്നിവയെക്കുറിച്ചും ട്രംപ് പരാമര്ശിച്ചു. രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വ്യാജവാര്ത്താ മാധ്യമങ്ങള് സംസാരിക്കുന്നില്ലെന്നും പകരം ജീവിതച്ചെലവിനെക്കുറിച്ചാണ് മാധ്യമപ്രവര്ത്തകര് ചോദ്യങ്ങള് ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമര്ശിച്ചു.
എന്നാല്, വിലക്കയറ്റവും ഉയര്ന്ന ജീവിതച്ചെലവും ട്രംപിന്റെജനപ്രീതിയിലെ ഇടിവും റിപ്പബ്ലിക്കന് പാര്ട്ടിക്ക് വെല്ലുവിളിയാകുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷണം. ഇറാന് യുദ്ധവും സാമ്പത്തിക സമ്മര്ദങ്ങളും നിലനില്ക്കുന്ന സാഹചര്യത്തില് പാര്ട്ടിയുടെ തെരഞ്ഞെടുപ്പ് സാധ്യതകള് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ട്രംപ്. പതിവായി ഒരു മണിക്കൂറിലധികം നീളുന്ന പ്രചാരണ പ്രസംഗങ്ങളുമായി മുന്നോട്ടുപോകുന്ന ട്രംപിന്റെ യാത്രയെ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയ ‘ഇടക്കാല തെരഞ്ഞെടുപ്പ് മുന്നേറ്റം’ എന്നാണ് വിശേഷിപ്പിച്ചത്.
ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിച്ചു
അരിസോണയിലെ ബുള്ഹെഡ് സിറ്റി സ്ഥിതി ചെയ്യുന്ന മൊഹാവെ കൗണ്ടിയില് ദാരിദ്ര്യവും തൊഴിലില്ലായ്മയും സംസ്ഥാന-ദേശീയ ശരാശരിയേക്കാള് കൂടുതലാണെന്നാണ് കണക്കുകള്. അതേസമയം, മൊണ്ടാനയിലെ ഒന്നാം കോണ്ഗ്രസ് മണ്ഡലത്തില് മുന് റിപ്പബ്ലിക്കന് പ്രതിനിധി റയാന് സിങ്കെയുടെ മുന് സഹായി ആരണ് ഫ്ലിന്റിന് പിന്തുണ ഉറപ്പിക്കാനും ട്രംപ് ലക്ഷ്യമിടുന്നു. മുന് സൈനികനും റേഡിയോ അവതാരകനുമായ ഫ്ളിന്റ് ജൂണിലെ പ്രൈമറിയില് ട്രംപിന്റെയും സിങ്കെയുടെയും പിന്തുണ നേടിയിരുന്നു.
ഡെമോക്രാറ്റിക് സ്ഥാനാര്ഥി സാം ഫോര്സ്റ്റാഗാണ് അദ്ദേഹത്തിന്റെഎതിരാളി. തൊഴിലാളി യൂണിയന് നേതാവും വനമേഖലയിലെ തീപിടിത്തങ്ങള് നിയന്ത്രിക്കാന് വിമാനത്തില്നിന്നും പാരച്യൂട്ടില് ഇറങ്ങുന്ന പ്രത്യേക പരിശീലനം നേടിയ അഗ്നിരക്ഷാ പ്രവര്ത്തകനുമാണ് ഫോര്സ്റ്റാഗ്. തെരഞ്ഞെടുപ്പിന് മൂന്നാഴ്ചയില് താഴെ മാത്രം ശേഷിക്കെ, ചില കടുത്ത മത്സരമുള്ള മണ്ഡലങ്ങളില് റിപ്പബ്ലിക്കന് പാര്ട്ടി പ്രചാരണച്ചെലവ് കുറയ്ക്കുകയും ഡെമോക്രാറ്റുകള് കൂടുതല് ഫണ്ട് സമാഹരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പടിഞ്ഞാറന് സംസ്ഥാനങ്ങളിലെ പ്രചാരണയാത്ര.