കുവൈറ്റ് തീപിടിത്തം: മരിച്ചവരിൽ 11 മലയാളികൾ

മരിച്ചവരിൽ 41 പേർ ഇന്ത്യക്കാരാണെന്നു റിപ്പോർട്ട്. ഇവരിൽ 11 മലയാളികളുണ്ടെന്നു പ്രാഥമിക വിവരം
രഞ്ജിത്ത്, ആകാശ് നായർ, ഷെമീർ, സ്റ്റെഫിൻ, മുരളീധരൻ നായർ, സജു.
രഞ്ജിത്ത്, ആകാശ് നായർ, ഷെമീർ, സ്റ്റെഫിൻ, മുരളീധരൻ നായർ, സജു.
Updated on

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികൾ താമസിച്ചിരുന്ന ആറുനിലക്കെട്ടിടത്തിന് തീപിടിച്ച് മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. മംഗഫിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടനിർമാണക്കമ്പനി എൻബിടിസിയുടെ പാർപ്പിട സമുച്ചയത്തിൽ ഇന്നലെ പുലർച്ചെ ആറിനാണ് ദുരന്തം. കേരളം, തമിഴ്നാട്‌ സംസ്ഥാനങ്ങളിൽ നിന്നടക്കം മരിച്ചവരിൽ 41 പേർ ഇന്ത്യക്കാരാണെന്നു റിപ്പോർട്ട്. ഇവരിൽ 11 മലയാളികളുണ്ടെന്നു പ്രാഥമിക വിവരം.

മരണമടഞ്ഞവരിൽ കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കാസർഗോഡ് കുണ്ടടുക്കം സ്വദേശി രഞ്ജിത്, പൊന്മലേരി സ്വദേശി കേളു (51), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) എന്നിവരെ തിരിച്ചറിഞ്ഞു.

196 തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. 146 പേരെ രക്ഷിച്ചെന്ന് അധികൃതർ. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരന്‍റെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നത്. തൊഴിലാളികൾ ഭൂരിപക്ഷവും ഉറക്കത്തിലായിരുന്നു. തീയും പുകയും നിറഞ്ഞപ്പോഴാണ് പലരും ഉണർന്നത്. ചിലർ താഴേക്കു ചാടി. കോണിപ്പടിക്കു സമീപമായിരുന്നു മൃതദേഹങ്ങളിൽ ഭൂരിപക്ഷവും.

പരുക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. അദാന്‍ ആശുപത്രിയില്‍ 21 പേരും ഫർവാനിയ ഹോസ്പിറ്റലിൽ ആറു പേരെയും മുബാറക് ഹോസ്പിറ്റലിൽ 11 പേരെയും ജാബർ ആശുപത്രിയിൽ 4 പേരെയും അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.

കുവൈറ്റിലെ ഏറ്റവും വലിയ കെട്ടിട നിർമാണക്കമ്പനിയാണ് മലയാളിയായ കെ.ജി. ഏബ്രഹാമിന്‍റെ ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പ്. കമ്പനി തൊഴിലാളികൾക്കു വേണ്ടി വാടകയ്ക്ക് എടുത്തിരുന്ന പാർപ്പിട സമുച്ചയത്തിലാണ് എൻബിടിസിയുടെ സൂപ്പർമാർക്കറ്റിലെ തൊഴിലാളികളും താമസിച്ചിരുന്നത്. കെട്ടിടത്തിന്‍റെ ഉടമയായ കുവൈറ്റി പൗരനെ കസ്റ്റഡിയിലെടുത്തെന്ന് സംഭവസ്ഥലം സന്ദർശിച്ച കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. മരിച്ചവരുടെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും താൻ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയാണെന്നും കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക അറിയിച്ചു.

കുവൈറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്. 2009ൽ തന്‍റെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതിൽ പ്രതിഷേധിച്ച് വിരുന്നു നടക്കുന്ന പന്തലിന് കുവൈറ്റി വനിത നുർസ അൽ എനെസി പെട്രോൾ ഒഴിച്ച് തീകൊടുത്തിരുന്നു. അന്ന് 57 പേരാണു മരിച്ചത്. നുർസയെ 2017ൽ വധശിക്ഷയ്ക്കു വിധേയയാക്കി.

Trending

No stories found.

Latest News

No stories found.