

തൂക്കിലേറ്റപ്പെട്ട അബോൽഫസൽ സെപാഹി (23) അമീർ ഹൊസൈൻ സഫാരി(27)
നീണ്ട നാളുകളായുള്ള യുഎസ്-ഇസ്രയേൽ യുദ്ധത്തിനും ജനുവരിയിലെ വ്യാപക പ്രതിഷേധങ്ങൾക്കും പിന്നാലെ വീണ്ടും ഇറാനിൽ ഭരണകൂട വിരുദ്ധത ആരോപിച്ച് യുവാക്കളെ തൂക്കിലേറ്റി. കഴിഞ്ഞയാഴ്ച രാജ്യത്ത് വീണ്ടും പരസ്യ വധശിക്ഷകൾ നടപ്പാക്കിയതായി മനുഷ്യാവകാശ സംഘടനകളും വധിക്കപ്പെട്ടവരുടെ കുടുംബങ്ങളും അറിയിച്ചു.
ഇറാനിലെ മധ്യ നഗരമായ ഇസ്ഫഹാനിൽ മൂന്നു യുവാക്കളെയാണ് പരസ്യമായി തൂക്കിലേറ്റാൻ വിധിച്ചത്. ഇതിൽ അലിറെസ സെപാഹി എന്ന ഇരുപത്തഞ്ചുകാരൻ തൂക്കിലേറ്റാൻ വാനിൽ കൊണ്ടു വരും വഴി ഹൃദയസ്തംഭനം മൂലം മരിക്കുകയായിരുന്നു. പരസ്യ വധശിക്ഷയ്ക്കു വിധേയരായ മറ്റു രണ്ടുപേർ അമീർ ഹൊസൈൻ സഫാരി(27) അബോൽഫസൽ സെപാഹി (23) എന്നിവരായിരുന്നു.
അലിറെസ സെപാഹി(25) അബോൽഫസൽ സെപാഹി (23) അമീർ ഹൊസൈൻ സഫാരി(27)
ഇവരെ വാനിൽ അലിഖാനി സ്ട്രീറ്റിൽ എത്തിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി. ജനുവരിയിൽ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു എന്നതാണ് ഇവർക്കെതിരേ ചുമത്തിയ കുറ്റം.
കഴിഞ്ഞ മാർച്ച് 19 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ഇറാൻ കുറഞ്ഞത് 56 പേരെയെങ്കിലും വധിച്ചതായി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് പറഞ്ഞു. ഇതിൽ 27 പേർ ജനുവരിയിലെ രാജ്യവ്യാപക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു. സമാനമായ കുറ്റങ്ങൾ ചുമത്തപ്പെട്ട നൂറിലധികം പേർക്ക് വധശിക്ഷ നേരിടേണ്ടി വന്നേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വധശിക്ഷകൾ നടപ്പിലാക്കാനായി അലിഖാനി സ്ക്വയറിൽ തൂക്കു കയറുകൾ സ്ഥാപിക്കുന്നു
അലിഖാനി കേസിൽ 12 യുവാക്കൾക്ക് വധശിക്ഷ വിധിച്ചതായും ഇതിൽ നാലു പേരെ ഇതിനകം തൂക്കിലേറ്റിയതായും ഇറാനിയൻ നീതിന്യായ വൃത്തങ്ങൾ അറിയിച്ചു. ശേഷിക്കുന്ന എട്ടു പേർ വധശിക്ഷ കാത്തിരിക്കുകയാണ്. വധശിക്ഷകൾ നടപ്പിലാക്കാനായി അലിഖാനി സ്ക്വയറിൽ ക്രെയിൻ ഉപയോഗിച്ച് തൂക്കു കയറുകൾ സ്ഥാപിക്കുകയും സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു. ഇതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കൊണ്ടു വന്ന വാനിന് അകമ്പടിയായി മെഷീൻ ഗൺ ഘടിപ്പിച്ച ട്രക്കും ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു.
പ്രതിഷേധക്കാരെ ഭയപ്പെടുത്തുന്നതിനാണ് സുരക്ഷാ സേന ഇത്തരത്തിൽ സജ്ജീകരിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങളും സുരക്ഷാ സേനയുമായുള്ള സംഘർഷങ്ങളും ആളുകൾ ഓടിപ്പോകുന്നതും കാണപ്പെട്ടു. പുലർച്ചെ പ്രാർഥനയ്ക്കുള്ള ബാങ്ക് വിളിക്കു തൊട്ടു മുമ്പാണ് പ്രതികളെ സ്ഥലത്ത് എത്തിച്ചത്. സംഭവത്തിനു പിന്നാലെ നിരവധി ഇറാനിയൻ പൗരന്മാർ പ്രതികരിക്കുകയും പുലർച്ചെയുള്ള ബാങ്ക് വിളി ഇപ്പോൾ തങ്ങൾക്ക് മരണഗാനം പോലെയായി മാറിയെന്നും സമൂഹ മാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തു.