

കരാറിലൂടെ ഇറാന്‍റെ സമ്പൂർണ കീഴടങ്ങൽ : ട്രംപ്
വാഷിങ്ടൺ: യുഎസുമായി ഇറാൻ കരാർ ഒപ്പു വച്ചതിലൂടെ നിരുപാധിക കീഴടങ്ങലാണ് ഇറാൻ നടത്തിയിരിക്കുന്നതെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ അധികാരത്തിന് പരിധി ആർക്കും കൽപ്പിക്കാനാകില്ലെന്നും യുദ്ധം ആഗോള സാമ്പത്തിക ഞെരുക്കത്തിന് കാരണമാകരുതെന്നു കരുതിയാണ് താൻ സമാധാന ശ്രമം നടത്തിയതെന്നും ട്രംപ് പറഞ്ഞു.
യുഎസും ഇറാനും തമ്മിലുണ്ടായ സംഘർഷം ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്കു നീക്കത്തെ തടസപ്പെടുത്തിയിരുന്നു. യുദ്ധം തുടർന്നാൽ അത് വലിയ ആഗോള പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നതിനാലാണ് അമെരിക്കൻ ഭരണകൂടം സമാധാനക്കരാറിന് തയാറായതെന്ന് ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന ഇടക്കാല കരാർ പ്രകാരം 60 ദിവസത്തിനുള്ളിൽ എല്ലാ കാര്യങ്ങളിലും ചർച്ച നടത്തി ധാരണയിൽ എത്തേണ്ടതുണ്ട്. ഹോർമൂസിലൂടെയുള്ള ഗതാഗതം സാധാരണ നിലയിൽ ആക്കുന്നതു കൂടാതെ ഇറാന്‍റ ആണവ പദ്ധതി നിയന്ത്രിക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളും കരാറിൽ പരാമർശിക്കുന്നുണ്ട്.
യുഎസ് ഇറാനു മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കുകയും ചെയ്തു. മൂന്നര മാസം നീണ്ട സംഘർഷങ്ങൾക്കാണ് കരാറിലൂടെ വിരാമമായത്. ഏറെ വിറളി പിടിച്ചാണ് ട്രംപ് കരാറിനായി ശ്രമം നടത്തിയതെന്ന് ഇറാന്‍റെ പരമോന്നത നേതാവ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ ഈ പരാമര്‍ശം.