ട്രംപിന്‍റെ മരുമകന്‍റെ ഫോണും ഹാക്കായി, രഹസ്യ ഇടപാടുകൾ പുറത്തായെന്ന്...

ആരോപണങ്ങൾ തള്ളി ജാരഡ് കുഷ്നർ
Jared Kushner denies allegations

 ആരോപണങ്ങൾ തള്ളി ജാരഡ് കുഷ്നർ

Updated on: 

ആരോപണങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ടിലെ അവകാശവാദങ്ങള്‍ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നതു ശ്രദ്ധേയം

ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകളോ പണം കൈമാറിയതിന്‍റെ രേഖകളോ അക്കൗണ്ട് നമ്പറുകളോ ഇടപാടുകളുടെ തീയതികളോ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടില്ലെന്നും കുഷ്‌നര്‍

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മരുമകനും മുൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ജാരഡ് കുഷ്നറിനെതിരേ ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് ആരോപണം. വാനിറ്റി ഫെയർ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിലാണ് സൗദി അറേബ്യ, യുഎഇ, ഇസ്രയേല്‍ എന്നിവിടങ്ങളിലെ ഉന്നത നേതാക്കളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമീകരണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകളുള്ളത്. ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് കുഷ്നറുടെ ഐ ഫോണിലെ പ്രവർത്തനങ്ങൾ ഡച്ച് രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ചതായും ഇതിലൂടെ യുഎഇയുമായി ബന്ധമുള്ള ബാങ്ക് അക്കൗണ്ടിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രവേശനം കണ്ടെത്തിയെന്നുമാണ് റിപ്പോര്‍ട്ടിലെ അവകാശവാദം. എന്നാൽ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിയ കുഷ്‌നര്‍ ഇവ അടിസ്ഥാനരഹിതമായ കെട്ടുകഥകളാണെന്ന് പ്രതികരിച്ചു.

മാത്യു കോള്‍ എഴുതിയ പ്രിന്‍സസ് ആന്‍ഡ് തീവ്‌സ്: ജാരഡ് കുഷ്‌നര്‍ ആന്‍ഡ് മുഹമ്മദ് ബിന്‍ സായിദിന്‍റെ മിഡില്‍ ഈസ്റ്റിനെ പുനര്‍നിര്‍മിക്കാനുള്ള രഹസ്യ പദ്ധതി’ എന്ന വരാനിരിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അസര്‍ബൈജാനിലെ ഒരു ബാങ്കില്‍നിന്ന് നൂറുകണക്കിന് ദശലക്ഷം ഡോളര്‍ ലഭിച്ച യുഎഇയുമായി ബന്ധമുള്ള അക്കൗണ്ടിലേക്ക് കുഷ്‌നര്‍ പ്രവേശിച്ചിരുന്നതായി ഡച്ച് ചാരസംഘടനകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎഇ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന വതാനി അല്‍ എമറാത്ത് ഫൗണ്ടേഷന്‍റെ പേരില്‍ ഫസ്റ്റ് അബുദാബി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് ഏകദേശം 75 കോടി ഡോളര്‍ എത്തിയതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അക്കൗണ്ടിന്‍റെ ഉടമ കുഷ്‌നര്‍ ആയിരുന്നില്ലെങ്കിലും പണം കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഒപ്പിടല്‍ അംഗമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായിദിന്‍റെ സഹോദരനും ബാങ്ക് ചെയര്‍മാനുമായ തഹ്നൂന്‍ ബിന്‍ സായിദിന്‍റെ മേല്‍നോട്ടത്തിലായിരുന്നു അക്കൗണ്ടെന്നും പറയുന്നു.

യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായിദും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ചേര്‍ന്നാണ് ഈ അക്കൗണ്ട് സംവിധാനം ആസൂത്രണം ചെയ്തതെന്നാണ് റിപ്പോര്‍ട്ടിന്‍റെ മറ്റൊരു അവകാശവാദം. ട്രംപ് ഭരണകൂടത്തിന്‍റെ വിദേശനയ ലക്ഷ്യങ്ങള്‍ക്ക് സഹായകരമാകുന്ന രഹസ്യനിധി രൂപീകരിക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി പിന്നീട് മുന്നോട്ടുപോയില്ലെങ്കിലും കുഷ്‌നറുമായി ബന്ധപ്പെട്ട രണ്ട് അക്കൗണ്ടുകളിലേക്ക് ഇരുനേതാക്കളും ചേര്‍ന്ന് കുറഞ്ഞത് 200 കോടി ഡോളര്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇതിനു പുറമേ, സൗദി രാജകുടുംബാംഗം കുഷ്‌നറുടെ വ്യക്തിപരമായ നേട്ടത്തിനായി 100 കോടി ഡോളര്‍ കൈമാറാന്‍ ഉപയോഗിച്ച മറ്റൊരു ബാങ്ക് അക്കൗണ്ടും ഉണ്ടായിരുന്നുവെന്നാണ് ആരോപണം.

യുഎഇ പ്രസിഡന്‍റ് ഈ പണമിടപാട് ക്രമീകരിച്ചെന്നും പണം ഇസ്രയേലില്‍ നിക്ഷേപിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുഷ്‌നറോട് നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. അന്നത്തെ ഇസ്രയേലിലെ യുഎസ് അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാന്‍ വഴിയാണ് കുഷ്‌നര്‍ നെതന്യാഹുവുമായി ഇടപാടുകളെക്കുറിച്ച് ആശയവിനിമയം നടത്തിയതെന്നും അവകാശപ്പെടുന്നു. എന്നാല്‍, ഈ ആരോപണങ്ങളൊന്നും ഇതുവരെ തെളിയിക്കപ്പെട്ട നിയമലംഘനങ്ങളായി സ്ഥിരീകരിച്ചിട്ടില്ല.

ആരോപണങ്ങളെ എക്‌സിലെ കുറിപ്പിലൂടെ കുഷ്‌നര്‍ ശക്തമായി നിഷേധിച്ചു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ അവതരിപ്പിക്കുന്ന അസംബന്ധവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണിവയെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകളോ പണം കൈമാറിയതിന്‍റെ രേഖകളോ അക്കൗണ്ട് നമ്പറുകളോ ഇടപാടുകളുടെ തീയതികളോ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടില്ലെന്നും കുഷ്‌നര്‍ ചൂണ്ടിക്കാട്ടി. ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ നിരീക്ഷിക്കപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു താനെന്നും മാധ്യമങ്ങളുടെ കടുത്ത പരിശോധനയ്ക്കും കോണ്‍ഗ്രസ് അന്വേഷണങ്ങള്‍ക്കും പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍റെ അന്വേഷണത്തിനും വിധേയനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണങ്ങളോട് സ്വമേധയാ സഹകരിച്ച് 30 മണിക്കൂറിലധികം മൊഴി നല്‍കിയിട്ടും ഇത്തരം ആരോപണങ്ങള്‍ അന്ന് ഉയര്‍ന്നുവന്നിട്ടില്ലെന്നും അവ സംഭവിച്ചിട്ടില്ലാത്തതിനാലാണ് അങ്ങനെയെന്നും കുഷ്‌നര്‍ പ്രതികരിച്ചു. അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ചാഡ് മിസെല്ലെയും ആരോപണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് വ്യക്തമാക്കി.

അതേസമയം, കേസുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് എല്ലാ സാധ്യതകളും പരിഗണനയിലാണെന്ന് കുഷ്‌നറുടെ അഭിഭാഷകന്‍ മറുപടി നല്‍കി. ആരോപണങ്ങള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അപകീര്‍ത്തികരമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 45 വയസുകാരനായ കുഷ്‌നര്‍ നിലവില്‍ ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനൊപ്പം ചില സമാധാന നയതന്ത്ര നീക്കങ്ങളില്‍ പങ്കാളിയാണ്. ട്രംപിന്‍റെ മകള്‍ ഇവാങ്ക ട്രംപിന്‍റെ ഭര്‍ത്താവാണ് അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച ആരോപണങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ടിലെ അവകാശവാദങ്ങള്‍ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

logo
Metro Vaartha
www.metrovaartha.com