

സമാധാന ചർച്ചകൾക്കായുള്ള സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയീൽ ബഗായ്
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ ശ്രമം തുടങ്ങി. റദ്ദാക്കിയ ഇടക്കാല വെടിനിർത്തൽ കരാർ പുനസ്ഥാപിക്കണമെന്നും ഇപ്പോൾ നടക്കുന്ന യുദ്ധം പത്തു ദിവസത്തേയ്ക്കു നിർത്തി വയ്ക്കണമെന്നുമാണ് മധ്യസ്ഥരുടെ നിർദേശം.
അമെരിക്ക കടുത്ത സൈനികാക്രമണമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. എങ്കിലും മധ്യസ്ഥർ മുഖേന വാഷിങ്ടണുമായി നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. സമാധാന ചർച്ചകൾക്കായുള്ള സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയീൽ ബഗായ് അറിയിച്ചു.
എന്നാൽ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തി രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുയർത്താൻ യുഎസിനെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇറാനെ ആണവായുധ നിർമാണത്തിൽ നിന്നു തടയുകയാണ് യുഎസിന്‍റെ ലക്ഷ്യമെന്നും ജൂൺ 17ന് യഎസും ഇറാനും ഒപ്പിട്ട ഇസ്ലാമബാദ് ധാരണാപത്രത്തിൽ നിന്ന് ഇറാൻ പിന്മാറിയതിൽ തനിക്കൊന്നുമില്ലെന്നും ട്രംപ് പ്രതികരിച്ചു. ഈ കരാർ പാലിക്കുന്നതിനുള്ള പ്രതിബദ്ധതകൾ മരവിപ്പിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രംപ് ഈ മറുപടി നൽകിയത്.