ഇറാൻ ഭീഷണിയിൽ ഓടിയൊളിച്ച് യുഎസ് ട്രഷറി സെക്രട്ടറി

ബെസെന്‍റിന്‍റെ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹത്തെ സൈനിക താവളത്തിലേയ്ക്കു മാറ്റിയ നടപടി
US Treasury Secretary Scott Besant

യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ്

Updated on: 

വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള ഭീഷണികളെ തുടർന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് വാഷിങ്ടൺ ഡിസിയിലെ വസതിയിൽ നിന്ന് സൈനിക താവളത്തിലേയ്ക്ക് താമസം മാറ്റിയതായി റിപ്പോർട്ട്. ബെസെന്‍റിന്‍റെ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് സംഭവവുമായി ബന്ധപ്പെട്ട മൂന്നു പേരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്‍റെ രഹസ്യാന്വേഷണ വിഭാഗം അമെരിക്കയിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ഇറാൻ വിമത മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ട് പ്രവർത്തനം ശക്തമാക്കിയെന്ന വിലയിരുത്തലുകൾക്കിടെയാണ് ബെസെന്‍റിന്‍റെ താമസം മാറ്റം.എന്നാൽ അദ്ദേഹത്തിനെതിരായ ഭീഷണികളുടെ കൃത്യമായ സ്വഭാവം വ്യക്തമല്ല.

അമേരിക്കൻ ഉദ്യോഗസ്ഥർക്കും പൗരന്മാർക്കുമെതിരെ ഇറാന്‍റെ ഗൂഢാലോചനകൾ പുരോഗമിക്കുന്ന ഘട്ടത്തിലെത്തിയതായി ട്രംപ് ഭരണകൂടത്തിലെ മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ മാസം പുറത്തിറക്കിയ മെമ്മോയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ബെസെന്‍റിനെതിരായ ഭീഷണികളെക്കുറിച്ചുള്ള പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇറാനെതിരായ സാമ്പത്തിക സമ്മർദം

ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾക്ക് നേതൃത്വം നൽകുന്ന ബെസെന്‍റ്, 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന സാമ്പത്തിക സമ്മർദ നടപടിയുടെ പ്രധാന ചുമതലക്കാരനാണ്. ഇറാന്‍റെ കപ്പൽ ഗതാഗതത്തിനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്യുന്നതിനായി ഓഗസ്റ്റ് മുതൽ അമേരിക്ക ഈ നീക്കം ശക്തമാക്കിയിരുന്നു. ഇറാനുമായി ഇടപാടുകൾ നടത്തുന്ന പശ്ചിമേഷ്യയിലെ ബാങ്ക് ശാഖകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാന്‍റെ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധത്തോടൊപ്പം സാമ്പത്തിക സമ്മർദവും ശക്തമാക്കുകയാണ് വാഷിംഗ്ടണിന്‍റെ ലക്ഷ്യം.

ഇറാന്‍റെ ഭീഷണികൾക്കു മുന്നിൽ ബെസെന്‍റ് പിന്മാറില്ലെന്നും ഇറാന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന സാമ്പത്തിക നടപടികളും ഉപരോധങ്ങളും തുടരാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്നും യുഎസ് ട്രഷറി വക്താവ് വ്യക്തമാക്കി.

വസതിയുടെ വിവരങ്ങൾ പുറത്തുവന്നതോടെ സുരക്ഷാ ആശങ്ക

2025 ജനുവരിയിൽ ട്രഷറി സെക്രട്ടറിയായി സ്ഥിരീകരണം ലഭിച്ചതിന് പിന്നാലെ 12.5 മില്യൺ ഡോളറിന് ബെസെന്‍റ് വാങ്ങിയ ജോർജ്ടൗൺ മാൻഷന്‍റെ ആകാശദൃശ്യം വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലൂടെ ബെസെന്‍റിന്‍റെ വസതി കൃത്യമായി കണ്ടെത്താൻ കഴിയുന്ന സാഹചര്യമുണ്ടായെന്നും സുരക്ഷാ ആശങ്കകൾ വർധിച്ചെന്നും സംഭവവുമായി ബന്ധപ്പെട്ട ഒരു വൃത്തം പറഞ്ഞു.

അമേരിക്കൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിടാനുള്ള ഇറാന്‍റെ ശ്രമങ്ങൾ വർധിച്ചതോടെ ബെസെന്‍റിനെ സുരക്ഷിതമായ സൈനിക താവളത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. പൊതുപ്രവർത്തകർക്കെതിരായ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും ബന്ധപ്പെട്ട വൃത്തം ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷത്തിനിടെ കുറഞ്ഞത് അര ഡസൻ ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥർ സൈനിക താവളങ്ങളിലേക്കോ സുരക്ഷിത താമസസ്ഥലങ്ങളിലേക്കോ മാറിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറും ഇത്തരത്തിൽ താമസം മാറിയവരിൽ ഉൾപ്പെടുന്നു.

ബ്രിട്ടനിലെ യുഎസ് സൈനിക താവളങ്ങളിലും സുരക്ഷ ശക്തം

ഇറാന്‍റെ ഭീഷണിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ ബ്രിട്ടനിലെ യുഎസ് സൈനിക താവളങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളും ശക്തമാക്കി. ഇറാനെതിരായ സൈനിക നടപടികൾക്ക് ഉപയോഗിക്കുന്ന ബ്രിട്ടനിലെ ആർഎഎഫ് ഫെയർഫോർഡ് വ്യോമതാവളത്തിൽ ആസൂത്രിത ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ യുഎസ് ബോംബർ വിമാനങ്ങൾ അവിടെനിന്ന് മാറ്റിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

ഇറാൻ അമേരിക്കൻ, ഇസ്രായേൽ ഉദ്യോഗസ്ഥരെ ലക്ഷ്യമിടാൻ ശ്രമിക്കുന്നതായി സമീപ മാസങ്ങളിൽ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗവും സൂചന നൽകിയിരുന്നു. എന്നാൽ അമേരിക്കൻ മണ്ണിൽ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ആക്രമിക്കാൻ പദ്ധതിയിടുന്നതായുള്ള ആരോപണങ്ങൾ ഇറാൻ മുമ്പ് നിഷേധിച്ചിട്ടുണ്ട്.

ബെസെന്‍റിനെതിരായ ഭീഷണികളുടെ വിശദാംശങ്ങളും അദ്ദേഹത്തിന്‍റെ പുതിയ താമസസ്ഥലവും സംബന്ധിച്ച് അമേരിക്കൻ അധികൃതർ ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.