

ഇറാനെതിരായ നടപടികൾ ‘സാമ്പത്തിക ഡി-ഡേ’ : ട്രംപ്
വാഷിങ്ടൺ: ഇറാൻ അമെരിക്കയുമായി കരാറിലെത്താൻ താൽപര്യപ്പെടുന്നുണ്ടെങ്കിലും വാഷിങ്ടൺ മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാൻ ഇതുവരെ തയാറായിട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് ട്രംപിന്‍റെ പുതിയ പരാമർശം.
ഇറാന്‍റെ സാമ്പത്തിക മേഖല അപ്പാടെ തകർന്നതായും ആവശ്യമായ സാമ്പത്തിക വിഭവങ്ങൾ രാജ്യത്തിന് ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്‍റെ വ്യോമ-നാവിക സേനകളും ശക്തമായൊരു നിലയിലല്ലെന്നും സൈനികർക്കും പൊലീസിനും ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഇറാനെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ നാണയപ്പെരുപ്പം ഇപ്പോൾ 350 ശതമാനമാണെന്നും ട്രംപ് ആരോപിച്ചു.
ഹോർമൂസ് കടലിടുക്ക് ഉൾപ്പടെയുള്ള മേഖലയിലെ പ്രധാന സമുദ്ര മേഖലകളിൽ അമെരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്നു പറഞ്ഞ ട്രംപ് കരാറിലെത്താൻ ആഗ്രഹിക്കുമ്പോഴും തന്‍റെ അഭിപ്രായത്തിൽ ശരിയായ കരാർ അംഗീകരിക്കാൻ ഇറാൻ തയാറായിട്ടില്ലെന്നും പറഞ്ഞു.
ഇറാനെതിരെ ഇതുവരെ സ്വീകരിച്ചതിൽ ഏറ്റവും ശക്തമായ സാമ്പത്തിക നടപടിയാണ് താൻ പ്രഖ്യാപിച്ചതെന്ന് ട്രംപ് പറഞ്ഞു. എണ്ണക്കടത്ത് ശൃംഖലകൾ, സാമ്പത്തിക കൈമാറ്റങ്ങൾ, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുന്നണി കമ്പനികൾ എന്നിവയെ ലക്ഷ്യമിട്ടാണ് നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന് സാമ്പത്തികവും വാണിജ്യപരവുമായ പിന്തുണ നൽകുന്ന രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
ഇറാനെ ഒറ്റപ്പെടുത്തുന്നതിനായി അമേരിക്കയുടെ സഖ്യകക്ഷികൾ വാഷിംഗ്ടണിനൊപ്പം നിൽക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാനെതിരായ നടപടികളെ ‘സാമ്പത്തിക ഡി-ഡേ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇറാന്‍റെ സാമ്പത്തിക ശക്തികളെ തടയുന്നതിലൂടെ രാജ്യത്തിന്മേൽ സമ്മർദം ശക്തമാക്കുകയാണ് ട്രംപ് ഇപ്പോൾ.