ട്രംപിന്‍റെ ആസ്തി ആറര ബില്യൺ ഡോളറിലേയ്ക്ക്

ഭരണവും ബിസിനസും ഒരു പോലെ ഹിറ്റാക്കി യുഎസ് പ്രസിഡന്‍റ്
 Trump's net worth reaches $6.5 billion

ട്രംപിന്‍റെ ആസ്തി ആറര ബില്യൺ ഡോളറിലേയ്ക്ക്

Updated on

സാമ്പത്തിക നേട്ടങ്ങളും നയതന്ത്ര സ്വാധീനവും സമർഥമായി സമന്വയിപ്പിച്ചുള്ള തികച്ചും വ്യത്യസ്തമായ ഒരു ബിസിനസ്- രാഷ്ട്രീയ മാതൃകയ്ക്ക് സാക്ഷ്യം വഹിച്ച് ട്രംപിന്‍റെ ഭരണകാലം. ഭരണത്തിലിരിക്കെ ട്രംപ് ഓർഗനൈസേഷൻ വഴി വിദേശ രാജ്യങ്ങളിൽ നടത്തിയ വൻകിട നിക്ഷേപങ്ങൾ സാമ്പത്തിക വളർച്ചയിൽ നിർണായകമായി.

റിയൽ എസ്റ്റേറ്റ് മേഖലയിലെ താളപ്പിഴകൾ മൂലം ആദ്യ ഭരണകാലത്ത് ആസ്തിയിൽ കുറവുണ്ടായെങ്കിലും രണ്ടാം വരവിൽ ഡിജിറ്റൽ ആസ്തികളിലേയ്ക്കും അന്താരാഷ്ട്ര ബ്രാൻഡ് ലൈസൻസിങിലേയ്ക്കും ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ട്രംപിന്‍റെ സമ്പത്ത് വൻതോതിൽ ഉയർന്നു. 2026 ഫെബ്രുവരിയിലെ ഫോർബ്സ് കണക്കുകൾ പ്രകാരം 6.5 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി.

സൗദി അറേബ്യ, ഖത്തർ, യുഎഇ, ഒമാൻ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിലും ഇന്ത്യ, വിയറ്റ്നാം ഉൾപ്പടെയുള്ള ഏഷ്യൻ വിപണികളിലും ട്രംപ് ബ്രാൻഡിനു കീഴിൽ വൻകിട റിയൽ എസ്റ്റേറ്റ് പദ്ധതികൾ ആരംഭിച്ചു. ഇതിനു പുറമേ ക്രിപ്റ്റോ കറൻസി വ്യാപാരങ്ങളിലൂടെയും ഡിജിറ്റൽ മീഡിയ സംരംഭങ്ങളിലൂടെയും കോടിക്കണക്കിനു ഡോളറിന്‍റെ ലാഭമാണ് ലഭിച്ചത്. ട്രംപിന്‍റെ മക്കളായ ഡോണൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ്, മരുമകൻ ജാരെദ് കുഷ്നർ എന്നിവരും ശതകോടികളുടെ ആഗോള നിക്ഷേപങ്ങളുമായി ബിസിനസ് സാമ്രാജ്യത്തിന്‍റെ തലപ്പത്ത് സജീവമായി പ്രവർത്തിക്കുന്നു.

ട്രംപിന്‍റെ വിദേശ നയങ്ങളും വ്യാപാര തീരുവകളും സ്വന്തം കുടുംബ ബിസിനസ് താൽപര്യങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കപ്പെട്ടു എന്ന വിമർശനവും അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്. ചൈനീസ് കമ്പനിക്കെതിരെയുള്ള ഉപരോധങ്ങളിൽ അയവുവരുത്തിയതും അർജന്‍റീനയ്ക്ക് തീരുവയിൽ ഇളവ് നൽകിയതും, ഇവാങ്ക ട്രംപിന്‍റെ ബ്രാൻഡിനും ട്രംപ് കമ്പനികൾക്കും ആ രാജ്യങ്ങളിൽ നിന്ന് ഔദ്യോഗിക അംഗീകാരങ്ങൾ ലഭിച്ച സമയത്തു തന്നെയായിരുന്നു. ഭാവിയിൽ പ്രസിഡന്‍റ് പദവി ഒഴിഞ്ഞാലും തന്‍റെയും അടുത്ത തലമുറയുടേയും സാമ്പത്തിക ഭദ്രതയും സ്വാധീനവും ഉറപ്പാക്കുന്ന ഒരു സാമ്രാജ്യം ട്രംപ് കെട്ടിപ്പടുത്തു എന്നതാണ് ശ്രദ്ധേയം.

logo
Metro Vaartha
www.metrovaartha.com