യുക്രെയ്നിൽ റഷ്യയുടെ വൻ മിസൈൽ ആക്രമണം: 27 പേർ കൊല്ലപ്പെട്ടു|വീഡിയോ

റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന സമ്മർദ്ദം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് യുക്രെയ്ൻ ഈ ആക്രമണങ്ങൾ നടത്തിയതെന്നു നിഗമനങ്ങൾ.
 Russia's massive missile attack on Ukraine: 27 killed

യുക്രെയ്നിൽ റഷ്യയുടെ വൻ മിസൈൽ ആക്രമണം:27 പേർ കൊല്ലപ്പെട്ടു

Updated on

കീവ്: റഷ്യയും യുക്രെയ്നും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമാകുന്നു. റഷ്യ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെടുകയും 113ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി അധികൃതർ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് കീവ് സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേഷൻ മരണസംഖ്യ പുറത്തു വിട്ടത്. യുക്രെയ്ൻ ദേശീയ പൊലീസ് റിപ്പോർട്ട് പ്രകാരം ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 113ലധികമാണ്. യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചത് അനുസരിച്ച് ആക്രമണത്തിന്‍റെ പ്രധാന ലക്ഷ്യം കീവ് നഗരമായിരുന്നു. കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അതിതീവ്രമായ ആക്രമണമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

രക്ഷാപ്രവർത്തകർ തകർന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനും പരിക്കേറ്റവർക്ക് സഹായം നൽകാനുമുള്ള ശ്രമങ്ങൾ തുടരുകയുമാണെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി പറഞ്ഞു.

റഷ്യൻ ആക്രമണത്തിൽ നഗരത്തിലെ 20ലധികം സ്ഥലങ്ങളിൽ നാശനഷ്ടമുണ്ടായി. ഇതിൽ ഭൂരിഭാഗവും സാധാരണ ജനവാസ കേന്ദ്രങ്ങളാണ്. ആംബുലൻസ് സ്റ്റേഷൻ, ഗവേഷണ സ്ഥാപനം, ഹോട്ടൽ, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്ന് സെലൻസ്കി വ്യക്തമാക്കി.

It is believed that Ukraine carried out these attacks as part of increasing pressure on Russia to end the war.

റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന സമ്മർദ്ദം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് യുക്രെയ്ൻ ഈ ആക്രമണങ്ങൾ നടത്തിയതെന്നു നിഗമനങ്ങൾ.

രാത്രിയിലുണ്ടായ ആക്രമണത്തിൽ റഷ്യ 70ലധികം മിസൈലുകളും അതിൽ പകുതിയോളം ബാലിസ്റ്റിക് മിസൈലുകളും 500 ഓളം ഡ്രോണുകളും പ്രയോഗിച്ചതായി സെലൻസ്കി അറിയിച്ചു. കീവിലെ എല്ലാ ജില്ലകളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ ആഘാതമേറ്റത് ഡാർനിറ്റ്സ്കി ജില്ലയിലാണ്.

ഇവിടെ ഒൻപത് നിലകളുള്ള ഒരു അപ്പാർട്ട്മെന്‍റ് സമുച്ചയത്തിന്‍റെ ഭാഗം തകർന്നു വീണ് നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. 15 വയസുള്ള ഒരു പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും ഉൾപ്പടെ നിരവധി പേരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. ഹൊളോസിവ്സ്കി ജില്ലയിൽ ബഹുനില പാർപ്പിട സമുച്ചയത്തിന്‍റെ മേൽക്കൂരയിൽ തീപിടിത്തമുണ്ടായി.

നഗരമധ്യത്തിലുള്ള ഷെവ്ചെൻകിവ്സ്കി ജില്ലയിൽ ഒരു ഹോട്ടലിന്‍റെ മേൽക്കൂരയ്ക്കും തീ പിടിച്ചതായി മേയർ അറിയിച്ചു. ആക്രമണം തുടരുന്നതിനിടെ ജനങ്ങൾ സുരക്ഷാ ബങ്കറുകളിൽ തന്നെ തുടരണമെന്ന് ക്ലിറ്റ്ഷ്കോ അഭ്യർഥിച്ചു. റഷ്യൻ ഡ്രോണുകളുടെ ഭീഷണി നിലനിന്നതിനാൽ വ്യോമാക്രമണ മുന്നറിയിപ്പ് പകൽ സമയത്തും തുടർന്നു.

ആദ്യ ഘട്ടത്തിൽ 34 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അതിൽ 32 പേരെ ആശുപത്രിയിലേക്ക് മാറ്റുകയും രണ്ടു പേർക്ക് സംഭവ സ്ഥലത്തു തന്നെ ചികിത്സ നൽകുകയും ചെയ്തതായും മേയർ അറിയിച്ചു.

കീവിനു നേരെയുണ്ടായ ഈ ആക്രമണത്തിനു മണിക്കൂറുകൾക്കു മുമ്പ് യുക്രെയ്ൻ സൈന്യം റഷ്യയിലെ ഉഫയിലെ വൻ എണ്ണ ശുദ്ധീകരണ ശാലയിലും പെൻസ മേഖലയിലെ സൈനിക സമുച്ചയത്തിലും ആക്രമണം നടത്തി. അതിനു തലേ ദിവസം മോസ്കോ മേഖലയിലെ ഉപഗ്രഹ ആശയ വിനിമയ കേന്ദ്രവും യുക്രെയ്ൻ ലക്ഷ്യമിട്ടതായി സെലൻസ്കി പറഞ്ഞു.

റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന സമ്മർദ്ദം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് യുക്രെയ്ൻ ഈ ആക്രമണങ്ങൾ നടത്തിയതെന്നു വിലയിരുത്തപ്പെടുന്നു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം ഇപ്പോൾ അഞ്ചാം വർഷത്തിലേയ്ക്കു കടന്നിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com