

ഇന്ത്യയിൽ മതപ്രസംഗം- മൂന്ന് അമെരിക്കൻ പൗരന്മാർക്ക് രാജ്യം വിടാൻ നോട്ടീസ്
ന്യൂഡൽഹി: വിനോദ സഞ്ചാര വിസയിൽ എത്തി ഇന്ത്യയിൽ മതപ്രസംഗം നടത്തിയതിന് മൂന്ന് അമെരിക്കൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടു. അവർക്കു നൽകിയ വിസയിലെ അനുവദനീയമല്ലാത്ത കാര്യങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് പൂനെ സിറ്റി പൊലീസ് മൂന്ന് അമെരിക്കൻ പൗരന്മാർക്ക് ഇന്ത്യ വിടാനുള്ള നോട്ടീസ് നൽകിയത്.
മേയ് പത്തിനകം രാജ്യം വിടാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മധ്യവയസ്കരായ മൂന്ന് അമെരിക്കൻ പൗരന്മാർ ഏപ്രിൽ 19 നും ഏപ്രിൽ 21നും ഇടയിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ പ്രവേശിച്ചതായി പൊലീസ് പറഞ്ഞു. മൂന്നു പേരും മതപരമായ ലഘുലേഖകൾ വിതരണം ചെയ്തതായി അഡീഷണൽ പൊലീസ് കമ്മീഷണർ പറഞ്ഞു.
ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ മതപരമായ പ്രസംഗത്തിലും പഠിപ്പിക്കലിലും ഏർപ്പെട്ടതിലൂടെ വിസ വ്യവസ്ഥകൾ ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏപ്രിൽ 27 ന് പൂനെയിലെ ശുക്രവാർ പേത്ത് പ്രദേശത്തി വച്ച് ഒരു സ്വകാര്യ ക്യാബ് ഡ്രൈവറെ സമീപിച്ച് മൂവരും ഇംഗ്ലീഷ്, ഹിന്ദി, മറാത്തി എന്നിവയുൾപ്പടെ ഒന്നിലധികം ഭാഷകളിലുള്ള ലഘു ലേഖകൾ നൽകിയതായി ആണ് ആരോപണം.
തങ്ങളുടെ മതവിശ്വാസത്തെ കുറിച്ച് ക്യാബ് ഡ്രൈവറെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതായും ഇവർക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. പൂനെ പൊലീസിലെ ഫോറിനേഴ്സ് രജിസ്ട്രേഷൻ ഒഫീസ് നടത്തിയ കൂടുതൽ അന്വേഷണത്തിൽ മൂവരും ടൂറിസ്റ്റ് വിസയുടെ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ ആന്‍ഡ് ഫോറിനേഴ്സ് ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഇന്ത്യ വിടാനുള്ള നോട്ടീസ് നൽകുകയായിരുന്നു.