

മൊസാദ് ഭീതിയിൽ വിറച്ച് ലെബനൻ
ഇസ്രയേലിന്‍റെ അപ്രതീക്ഷിതവും അപൂർവവുമായ പേജർ യുദ്ധം ചില്ലറയൊന്നുമല്ല ലെബനനെ തകർത്തു കളഞ്ഞത്. മൊസാദ് ഭീതിയിൽ വിറയ്ക്കുകയാണ് ആ രാജ്യമിപ്പോഴും. കാരണം മറ്റൊന്നുമല്ല, ഇസ്രയേലി ഫോൺ കൺട്രി കോഡുള്ള രണ്ടു പലസ്തീനികൾ ! ബെയ്റൂട്ടിനെ പരിഭ്രാന്തിയിൽ ആഴ്ത്തിയിരിക്കുകയാണ് ഈ രണ്ടു പേർ.
ഇസ്രായേലി രാജ്യ കോഡുകളുള്ള ഫോൺ നമ്പറുകളുള്ള രണ്ട് പലസ്തീനികളെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ഉണ്ടായ പരിഭ്രാന്തിയാണ് എല്ലാത്തിനും കാരണം. ഇവർ ഇസ്രയേലി ചാരന്മാരാണെന്നും ലെബനനിൽ രണ്ടു മൊസാദ് ചാരന്മാരെ പിടികൂടി എന്നുമൊക്കെയാണ് അവിടെ പ്രചരിച്ച വാർത്തകൾ. റമല്ലയിൽ നിന്നാണ് രണ്ടു പലസ്തീനികളെ ഇത്തരത്തിൽ കസ്റ്റഡിയിലെടുത്തത്. ഇതിനെതിരേ ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം രംഗത്തെത്തി. ഇത് വ്യാജവാർത്തയാണെന്നു ലെബനൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം
എന്നാൽ ബെയ്റൂട്ടിലെ ഈഡൻ ബേ ഹോട്ടലിൽ രണ്ടു മൊസാദ് ഏജന്‍റുമാർ തുർക്കി പാസ്പോർട്ടുകൾ ഉപയോഗിച്ച് താമസിച്ചിരുന്നതായി ലെബനീസ് സ്വതന്ത്ര വാർത്താ ഏജൻസിയായ ബെയ്റൂട്ട് ടൈം കഴിഞ്ഞ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ലെബനനിൽ ഹോട്ടൽ റിസർവേഷനുകൾക്കായി രണ്ടു പലസ്തീൻ പുരുഷന്മാർ ഇസ്രയേലി ഫോൺ നമ്പറുകൾ ഉപയോഗിച്ചതാണ് ബെയ്റൂട്ടിനെ മൊസാദ് ഭീതിയിലാഴ്ത്തിയത്. ഒരു യൂബർ ഡ്രൈവറും ഹോട്ടൽ ജീവനക്കാരനുമായിരുന്നു അവർ. ഇതാണ് അന്വേഷണത്തിലേയ്ക്ക് എത്തിച്ചത്. പിറ്റേന്ന് ഇവരെ നാടുകടത്തിയതായി വാർത്ത പരന്നു. അത് ലെബനനിലെ ഇസ്രയേൽ വിരുദ്ധ ചേരികളിൽ കടുത്ത പ്രതിഷേധത്തിനും ഇടയാക്കി.
2024 സെപ്റ്റംബറിൽ ലെബനനിലും സിറിയയിലും ആയിരക്കണക്കിന് റിഗ്ഗഡ് പേജറുകൾ പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് ഹിസ്ബുള്ള ഭീകരർക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്ത പേജർ ഗൂഢാലോചനയ്ക്ക് ശേഷം ലെബനനിലെ ഇസ്രായേലിന്‍റെ മൊസാദിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ ആകാശം മുട്ടെ വളർന്ന അവസ്ഥയാണ് ഇപ്പോൾ. പരിക്കേറ്റവരും കൊല്ലപ്പെട്ടവരുമായവരിൽ ഭൂരിഭാഗവും ഇറാൻ പിന്തുണയുള്ള ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് ഹിസ്ബുള്ള സമ്മതിച്ചെങ്കിലും, നിരവധി സാധാരണക്കാരും ഈ ദുരന്തത്തിനിരയായിരുന്നു.