

കുനാർ നദി
x
കാബൂൾ: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വ്യാപകമായതിനു പിന്നാലെ പാക്കിസ്ഥാനിലേയ്ക്ക് ഉള്ള വെള്ളമൊഴുക്കിനു തടയിടാൻ അഫ്ഗാനിസ്ഥാൻ. അഫ്ഗാൻ പരിധിയിൽ കുനാർ നദിയിൽ ഡാം നിർമിക്കാനാണ് താലിബാൻ ഭരണകൂടത്തിന്‍റെ ഉത്തരവ്. ഇന്ത്യ ഇതിനകം തന്നെ സിന്ധൂ നദിയിൽ നിന്നുള്ള വെള്ളം ഇന്ത്യയിലേയ്ക്കു തന്നെ തിരിച്ചൊഴുക്കി തുടങ്ങി. ഇതിനു പുറമേയാണ് കുനാർ നദിയിൽ നിന്നെത്തുന്ന വെള്ളവും താലിബാൻ തടയുന്നത്. ഇതോടെ പാക്കിസ്ഥാന്‍റെ കാർഷിക മേഖല കേവലം മരുഭൂമിയായി മാറിപ്പോകും.
തുടരുന്ന അഫ്ഗാൻ-പാക് സംഘർഷത്തെ തുടർന്നാണ് താലിബാന്‍റെ ഈ തീരുമാനം. ജലവിഭവ മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അതിർത്തി മേഖലയിൽ നിരന്തരം ഏറ്റുമുട്ടുന്നതിനിടെയാണ് താലിബാന്‍റെ ഈ കടുത്ത നീക്കം.
അഫ്ഗാനികൾക്ക് സ്വന്തം ജലം എങ്ങനെ വിനിയോഗിക്കണമെന്നതിനുള്ള അവകാശമുണ്ടെന്നും ഡാം നിർമാണത്തിന് വിദേശ കമ്പനികളെ കാത്തിരിക്കില്ലെന്നും തങ്ങളുടെ ആഭ്യന്തര കമ്പനികളാകും ഡാം നിർമാണത്തിനു നേതൃത്വം നൽകുക എന്നും താലിബാന്‍റെ ജലവിഭവ മന്ത്രി എക്സിൽ കുറിച്ചു.
കുനാർ നദി
480 കിലോമീറ്റർ ദൈർഘ്യമുള്ള കുനാർ നദി അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവത നിരകളിൽ നിന്നും ഉത്ഭവിച്ച് കുനാർ, നൻഗർഹാർ പ്രവിശ്യകളിലൂടെ ഒഴുകി പാക്കിസ്ഥാനിൽ പ്രവേശിക്കുന്നു. അവിടെ വച്ച് കാബൂൾ നദിയിലും ഒടുവിൽ സിന്ധു നദിയിലും ചേരുന്നു.താലിബാന്‍റെ അണക്കെട്ട് നിർമാണം പാക്കിസ്ഥാന്‍റെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയെ സാരമായി ബാധിക്കും. ഇവിടുത്തെ കാർഷിക മേഖലയെയും കുടിവെള്ള വിതരണത്തെയും തകർക്കും.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല ഉടമ്പടി പോലെ അഫ്ഗാൻ-പാക്കിസ്ഥാൻ നദീജലത്തെ നിയന്ത്രിക്കുന്ന ഒരു ഔദ്യോഗിക ഉടമ്പടി ഇല്ല. അതു കൊണ്ടു തന്നെ ഇസ്ലാമബാദിന് ജലവിനിയോഗത്തിന്‍റെ കാര്യത്തിൽ അഫ്ഗാനുമായി അടിയന്തര വ്യവസ്ഥകൾ മാത്രമേയുള്ളു.
അഫ്ഗാൻ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിച്ചതിനു തൊട്ടു പിന്നാലെയാണ് പാക്കിസ്ഥാനെ വെട്ടിലാക്കിയ ഈ ഉത്തരവ് എന്നതും ശ്രദ്ധേയമാണ്. ജലവൈദ്യുതിയുടം അണക്കെട്ട് നിർമാണവും സംബന്ധിച്ച് അഫ്ഗാനിസ്ഥാൻ ഇന്ത്യയുമായി സഹകരണം ശക്തമാക്കിയിരിക്കുകയാണ്. ഇരു പക്ഷവും സുസ്ഥിര ജല മാനെജ്മെന്‍റിന്‍റെ പ്രാധാന്യം അടിവരയിടുകയും ജലവൈദ്യുത പദ്ധതികളിൽ സഹകരിക്കാൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.