

ഹിസ്ബുള്ളയിൽ നിന്നു രക്ഷിക്കണം, ഇസ്രയേലുമായി കൂട്ടിച്ചേർക്കണം
ഹിസ്ബുള്ളയിൽ നിന്നും സംരക്ഷിക്കാൻ തങ്ങളെ ഇസ്രയേലുമായി കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് ലെബനനിലെ ക്രൈസ്തവ ഗ്രാമങ്ങൾ മുന്നോട്ടു വന്നതായി അറിയിച്ച് ഇസ്രയേൽ. ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ചില ലെബനനൻ ക്രിസ്ത്യൻ ഗ്രാമങ്ങൾ ഇറാന്‍ പിന്തുണയുള്ള സായുധ സംഘത്തിനെതിരേ ഇസ്രയേലിന്‍റെ സംരക്ഷണം തേടിയതായി ഇസ്രയേൽ പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.
"ലെബനനിലെ ചില ക്രൈസ്തവ ഗ്രാമങ്ങളിൽ ചിലത് ഇസ്രയേലുമായി കൂട്ടിച്ചേർക്കപ്പെടാൻ ആഗ്രഹിക്കുന്നു. അവർ അത് ആവശ്യപ്പെട്ടിട്ടുമുണ്ട്. കാരണം അവരെ കൊല്ലാൻ ആഗ്രഹിക്കുന്ന ഹിസ്ബുള്ള മതഭ്രാന്തന്മാരിൽ നിന്ന് അവരെ ഞങ്ങൾ സംരക്ഷിക്കുന്നു. പശ്ചിമേഷ്യയിൽ ഉടനീളമുള്ള ക്രൈസ്തവരെ ഇസ്രയേൽ സംരക്ഷിക്കുന്നു" എന്നായിരുന്നു നെതന്യാഹു ഫോക്സ് ന്യൂസിനോട് പറഞ്ഞത്.
എന്നാൽ സംരക്ഷണത്തിനായുള്ള അഭ്യർഥനകൾ ക്രിസ്ത്യൻ സമൂഹങ്ങളിൽ മാത്രമായി ഇസ്രയേൽ പരിമിതപ്പെടുത്തിയിട്ടില്ലെന്നും നെതന്യാഹു അവകാശപ്പെട്ടു. ജൂതന്മാർ, മുസ്ലിങ്ങൾ, സുന്നി- ഷിയാ മുസ്ലിങ്ങൾ എന്നിവരും ലെബനനെ സ്വതന്ത്രമാക്കാൻ ആഗ്രഹിക്കുന്നവരാണ്. അവരിൽ നിന്നും കൂടുതൽ സമാധാന കരാറുകൾ ലഭിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും നെതന്യാഹു കുറിച്ചു.
എന്നാൽ അഭിമുഖത്തിൽ ഏതു ക്രിസ്ത്യൻ ഗ്രാമങ്ങളെ കുറിച്ചാണ് പരാമർശിക്കുന്നതെന്ന് നെതന്യാഹു വ്യക്തമാക്കിയില്ല. തന്‍റെ അവകാശ വാദങ്ങൾക്ക് യാതൊരു തെളിവും അദ്ദേഹം നൽകിയുമില്ല.
ലെബനനിലെ ഭൂരിഭാഗം ആൾക്കാരും ഹിസ്ബുള്ളയുടെ സ്വാധീനത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നവരായാണ് നെതന്യാഹുവിന്‍റെ പരാമർശങ്ങൾ വ്യക്തമാക്കുന്നത്. അതിർത്തിക്ക് അടുത്തുള്ള തെക്കൻ ലെബനന്‍റെ ചില ഭാഗങ്ങളിൽ ഇസ്രയേൽ സൈനിക പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് നെതന്യാഹുവിന്‍റെ ഈ പരാമർശങ്ങൾ. ഇരു രാജ്യങ്ങൾക്കും ഇടയിൽ സമാധാനത്തിന് വഴിയൊരുക്കാനും ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ നിരായുധീകരണത്തിനും ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച യുഎസിന്‍റെ നേതൃത്വത്തിലുള്ള ഇസ്രയേൽ-ലെബനൻ ചട്ടക്കൂട് കരാറും അവർ പിന്തുടരുന്നുണ്ട്.
പോരാട്ടത്തിനിടെ ഇസ്രയേൽ സൈന്യം നിരവധി ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമങ്ങളിലെ മേയർമാരെയും പ്രാദേശിക ഉദ്യോഗസ്ഥരെയും ബന്ധപ്പെടുകയും ഹിസ്ബുള്ള പോരാളികളെ വിമർശിച്ച് അപരിചിതരെ ഈ ക്രിസ്ത്യൻ സമൂഹങ്ങളിലേയ്ക്ക് കടന്നുവരാൻ അനുവദിക്കരുതെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തു.