

ഇന്ത്യൻ യുവാവിനെ ജറുസലേമിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
file image
ജറുസലേം: ഇസ്രയേലിലെ ജറുസലേമിലെ കറ്റാമോൺ മേഖലയിൽ ഇന്ത്യൻ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു അപ്പാർട്ട്മെന്‍റിലാണ് ഇന്ത്യൻ പൗരനെ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ദ ടൈംസ് ഒഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തത്.
നാൽപതു വയസുള്ള ഇന്ത്യൻ യുവാവിന്‍റെ മൃതദേഹം വീടിന്‍റെ തറയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസുകാർ മൃതദേഹത്തിനു ചുറ്റും രക്തം കണ്ടെത്തിയതായി മൊറിയ പൊലീസ് സ്റ്റേഷൻ മേധാവി റൂവൻ വ്യക്തമാക്കി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഇസ്രയേൽ പൊലീസ് അറിയിച്ചു. മരിച്ചയാളുടെ പേര് അധികൃതർ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം അന്വേഷണത്തിൽ കൊലപാതകത്തിന്‍റെ സാധ്യത ഉയർന്നിട്ടുണ്ടെന്നാണ് ഇസ്രയേൽ മാധ്യമമായ വൈനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തെക്കൻ നഗരമായ എയ് ലാത്ത് സ്വദേശിയായ 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു കൈമാറി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ 2024 ഒക്റ്റോബർ വരെയുള്ള കണക്കുകൾ പ്രകാരം ഇസ്രയേലിൽ ഏകദേശം 32,000 ഇന്ത്യൻ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
ഇവരിൽ ഏകദേശം 12,000 പേർ 2023 ഒക്റ്റോബറിനു ശേഷമാണ് ഇസ്രയേലിൽ എത്തിയത്. 2023 നവംബറിൽ ഇന്ത്യയും ഇസ്രയേലും തമ്മിൽ ഒപ്പു വച്ച ഉഭയകക്ഷി തൊഴിൽ കരാർ പ്രകാരം 2024ൽ 6,365 പേർ കൂടി ഇസ്രയേലിൽ എത്തിയിരുന്നു. ബാക്കിയുള്ളവർ സ്വകാര്യ റിക്രൂട്ട്മെന്‍റ് സംവിധാനങ്ങളിലൂടെയാണ് എത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.