

ഷെയ്ക്ക് ഹസീന.
ന്യൂഡല്‍ഹി: രണ്ട് വര്‍ഷമായി ഇന്ത്യയില്‍ കഴിയുന്ന അധികാരഭ്രഷ്ടയായ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പുതിയ പാസ്പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, അവരുടെ അഭിഭാഷകന്‍ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കത്ത് അയച്ചു. ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദ് ചെയ്തിരുന്നു. ഈ രണ്ട് രേഖകളും വീണ്ടെടുക്കുന്നതിന് നിയമപരവും ഭരണപരവുമായ ഏതെല്ലാം നടപടിക്രമങ്ങളാണ് പാലിക്കേണ്ടതെന്ന് ആരാഞ്ഞുകൊണ്ട് ഈ മാസം 19ന് രണ്ടാമതൊരു ഇമെയ്ല്‍ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് അയച്ചു. ഹസീനയ്ക്ക് വേണ്ടി, ലണ്ടന്‍ ആസ്ഥാനമായുള്ള 'മാട്രിക്‌സ് ചേമ്പേഴ്‌സ്' എന്ന നിയമ ഉപദേശക സ്ഥാപനമാണ് ഇമെയ്ല്‍ അയച്ചത്.
19ന് അയച്ച ഇമെയ്‌ലിനൊപ്പം, ഹസീന ഒപ്പിട്ട ഒരു 'പവര്‍ ഓഫ് അറ്റോര്‍ണി'യും (അധികാരപത്രം) ഉള്‍പ്പെടുത്തിയിരുന്നു. ഹസീനയ്ക്ക് വേണ്ടി നിയമപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഔദ്യോഗിക അനുമതിപത്രമാണ് മാട്രിക്‌സ് ചേമ്പേഴ്‌സ് സമര്‍പ്പിച്ചത്. ഈ മാസം 9നാണ് ബംഗ്ലാദേശ് ഹൈക്കമ്മിഷണറുടെ ഓഫിസിലേക്ക് മാട്രിക്‌സ് ചേമ്പേഴ്‌സ് ആദ്യമായി ഒരു ഇമെയ്ല്‍ അയച്ചത്. ഹസീനയുടെ റദ്ദാക്കപ്പെട്ട പാസ്പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ രേഖയും വീണ്ടെടുക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചാണ് അതില്‍ പരാമര്‍ശിച്ചത്. എന്നാല്‍, ആ അപേക്ഷയില്‍ ഹസീനയുടെ ഒപ്പുള്ള അധികാരപത്രം ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ 19ന് അയച്ച രണ്ടാമത്തെ ഇമെയ്‌ലില്‍ ഹസീനയുടെ ഒപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യത്തെ ഇമെയ്ല്‍ ഹൈക്കമ്മിഷന് ലഭിച്ചതായി മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് മാട്രിക്‌സ് ചേമ്പേഴ്‌സ് അവകാശപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ പത്ത് ദിവസമായിട്ടും അതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍, ആവശ്യമായ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി മാട്രിക്‌സ് ചേമ്പേഴ്‌സ് വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. 2024 ഓഗസ്റ്റ് 5ന്, വിദ്യാര്‍ഥികളുടെയും ജനങ്ങളുടെയും പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഷെയ്ഖ് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെട്ടത്. തുടര്‍ന്ന് അവര്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചു.
രണ്ട് ദിവസത്തിനുള്ളില്‍, ഡോ. മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള അന്നത്തെ ഇടക്കാല സര്‍ക്കാര്‍, ഹസീനയുടെയും കുടുംബാംഗങ്ങളുടെയും നയതന്ത്ര പാസ്പോര്‍ട്ടുകള്‍ റദ്ദാക്കി. അവരുടെ ദേശീയ തിരിച്ചറിയല്‍ രേഖകളും റദ്ദാക്കപ്പെട്ടു. ഇതിന്‍റെ ഫലമായി ഇന്ത്യയില്‍ അഭയം തേടി. ഇപ്പോള്‍ ഇന്ത്യയിലാണെങ്കിലും, ഒരു ബംഗ്ലാദേശ് പൗര എന്ന നിലയില്‍ ആവശ്യമായ രേഖകള്‍ വീണ്ടെടുക്കുക എന്നത് ഹസീനയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്.