

ഇറാന്‍റെ നിഗൂഢ മനുഷ്യൻ അഹ്മദി നെജാദ്
ഒരിക്കൽ ഇസ്രയേലിന്‍റെ കടുത്ത ശത്രവും ഇറാന്‍റെ പ്രസിഡന്‍റുമായിരുന്ന അഹ്മദി നെജാദ് ഇസ്രയേൽ ചാരസംഘടനയായ മൊസാദ് തലവനുമായി നിരന്തര കൂടിക്കാഴ്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ. അഹ്മദ്നെജാദിനെ ഇറാന്‍റെ നേതാവായി പ്രതിഷ്ഠിക്കാനും മൊസാദ് തലവനായ ഡേവിഡ് ബാർണിയുടെ നേതൃത്വത്തിൽ ശ്രമങ്ങളുണ്ടായതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരിയിൽ ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തിന്‍റെ ആദ്യ ദിവസം അഹ്മദി നെജാദിനെ വീട്ടു തടങ്കലിൽ നിന്നു മോചിപ്പിക്കാൻ ഇസ്രയേൽ ശ്രമിച്ചിരുന്നതായും അദ്ദേഹത്തെ രക്ഷപെടുത്തി ഹംഗറിയിലെത്തിച്ച് മൊസാദ് തലവനുമായി ഒരു കൂടിക്കാഴ്ച നടത്താനും ഇസ്രയേൽ പ്ലാനിട്ടതായും ഈ റിപ്പോർട്ട് പറയുന്നു. അന്ന് അഹ്മദി നെജാദിനെ വീട്ടു തടങ്കലിൽ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഇറാനിയൻ സൈനികർക്കെതിരേ ആക്രമണം നടത്തി നെജാദിനെ ഒരു കാറിൽ ഇസ്രയേൽ ഒരു സുരക്ഷിത ഭവനത്തിലേയ്ക്കു മാറ്റി പാർപ്പിച്ചതായും വീണ്ടും ഇറാന്‍റെ ഭരണതലപ്പത്ത് നെജാദിനെ പ്രതിഷ്ഠിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടതോടെ നെജാദ് ആ സുരക്ഷിത ഭവനം വിട്ടു പോയതായും റിപ്പോർട്ട് പറയുന്നു.
അഹ്മദ്നെജാദും
മൊസാദ് തലവനായ ഡേവിഡ് ബാർണിയും
ഇസ്രയേലി ഇന്‍റലിജൻസുമായുള്ള നെജാദിന്‍റെ ബന്ധം മൂലം ഐആർജിസി കസ്റ്റഡിയിലാണ് ഇപ്പോൾ അദ്ദേഹം എന്നാണ് കരുതപ്പെടുന്നത്. അവസാനമായി അദ്ദേഹം പ്രത്യക്ഷപ്പെട്ട പൊതു പരിപാടി കൊല്ലപ്പെട്ട പരമോന്നത നേതാവ് അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതായിരുന്നു. അന്ന് അദ്ദേഹത്തിനു ചുറ്റും ഐആർജിസി സൈനികർ വലയം ചെയ്തിരുന്നതായും ചിത്രങ്ങളിൽ കാണാം. മുഖം മൂടിയും കനത്ത കോട്ടുകളും ധരിച്ചാണ് ഗാർഡുകൾ അദ്ദേഹത്തെ വലയം ചെയ്തത്. നിലവിൽ അദ്ദേഹത്തിന്‍റെ അവസ്ഥ വ്യക്തമല്ല.
കടുത്ത ഇസ്രയേൽ വിരുദ്ധ യാഥാസ്ഥിതികനായിരുന്ന അഹ്മദി നെജാദ് 2005-2013 കാലത്ത് ഇറാന്‍ പ്രസിഡന്‍റായിരുന്നു. തന്‍റെ ഈ ഭരണകാലത്ത് ഇസ്രയേലിനെ നശിപ്പിക്കാൻ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്തതിനെ ആവർത്തിച്ചു നിഷേധിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്കിന് അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ അതിനർഥം അവർക്ക് ആണവായുധം നിർമിക്കാൻ കഴിയുമെന്നതാണ് എന്ന് നെജാദ് സൂചന നൽകി.
അഹ്മദ്നെജാദ് കൊല്ലപ്പെട്ട പരമോന്നത നേതാവ് അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങിൽ
നെജാദ് ഓഫീസ് വിട്ട ശേഷം ഇറാൻ ഭരണകൂടം തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ നിന്ന് നെജാദിനെ പലതവണ അയോഗ്യനാക്കി . അതോടെ അടുത്ത കാലത്തായി ഖമനേയിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്‍റെ വിമർശകനായി അദ്ദേഹം മാറി. ഖമനേയി ഭരകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അഴിമതിയും മോശം ഭരണവും നെജാദ് കടുത്ത വിമർശനത്തിനിരയാക്കി.
തീവ്ര നിലപാടുകാരനായിരുന്ന നെജാദ് പിന്നീട് കൂടുതൽ മിതവാദിയാകുന്നതാണ് പിന്നീട് ലോകം കണ്ടത്. സാധാരണക്കാരായ ഇറാനികളുടെ വക്താവാണ് താനെന്ന് നെജാദ് സ്വയം സ്ഥാപിക്കാൻ ശ്രമിച്ചു പോന്നു.
യുഎസും ഇസ്രയേലും കൂടി ഇറാനെ ഒരു വിദേശിയുടെ കരങ്ങളിൽ ഭരണമേൽപിക്കും എന്ന ഭയം അഹ്മദി നെജാദിന് ഉണ്ടായിരുന്നതായും മൊസാദ് ഏജന്‍റായി അദ്ദേഹം മാറിയതിനു പിന്നിൽ ഈ ആശങ്ക ഉണ്ടായിരുന്നതായും റിപ്പോർട്ട് പറയുന്നു. താൻ ഇറാന്‍റെ അധികാരത്തിൽ വന്നാൽ ഇറാൻ ഇസ്രയേലിനെ അംഗീകരിക്കുമെന്നും അബ്രഹാം കരാറുകളിൽ ചേരുകയും ചെയ്യുമെന്നും നെജാദ് പറഞ്ഞിരുന്നു.അഹ്മദിനെജാദിന്റെ ഓഫീസ് അഭിപ്രായം പറയാൻ വിസമ്മതിച്ചു.