500 ശതമാനം തീരുവ 100 ശതമാനമാക്കി കുറച്ച് അമെരിക്ക

റഷ്യൻ എണ്ണയും പ്രകൃതിവാതകങ്ങളും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കാണ് അമെരിക്കയുടെ ഈ ഇളവ്
This US exemption is for countries that import Russian oil and natural gas.

റഷ്യൻ എണ്ണയും പ്രകൃതിവാതകങ്ങളും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കാണ് അമെരിക്കയുടെ ഈ ഇളവ്

Updated on

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണയം പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരേ അമെരിക്ക പ്രഖ്യാപിച്ച 500 ശതമാനം തീരുവ 100 ശതമാനമാക്കി കുറച്ച് അമെരിക്കൻ നിയമനിർമാതാക്കൾ റഷ്യൻ ഉപരോധ ബില്ലിന്‍റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. ഇതോടെ റഷ്യൻ ഊർജ ഇറക്കുമതിയെ അതിശയിക്കുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് ഏറെ ആശ്വാസമായി.

റിപ്പബ്ലിക്കൻ സെനറ്ററായിരുന്ന ലിൻഡ്സി ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതാൽയും ചേർന്ന് അവതരിപ്പിച്ച ഉഭയകക്ഷി ബില്ലിന്‍റെ ഭേദഗതി പതിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ബിൽ നിയമമായാൽ റഷ്യൻ ഊർജം വാങ്ങുന്ന രാജ്യങ്ങൾക്കെതിരേ പരമാവധി നൂറു ശതമാനം വരെ തീരുവ ഏർപ്പെടുത്താനുള്ള അധികാരം പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ലഭിക്കും. യുക്രെയ്നിനെതിരായി നാലു വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ മോസ്കോയ്ക്ക് മേൽ സാമ്പത്തിക സമ്മർദം ശക്തമാക്കുന്നതിന്‍റെ ഭാഗമായുള്ള നീക്കമാണ് അമെരിക്ക നടത്തി വന്നത്.

റഷ്യൻ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ അഞ്ച് ഉപഭോക്തൃ രാജ്യങ്ങൾ ചൈന, ഇന്ത്യ, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ എന്നിവയാണ്. പുതിയ ബില്ലിൽ റഷ്യൻ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന മൂന്നാം കക്ഷി രാജ്യങ്ങൾക്കെതിരായ തീരുവ 500 ശതമാനത്തിൽ നിന്ന് പരമാവധി 100 ശതമാനമായി കുറച്ചിട്ടുണ്ട്.

റഷ്യയുടെ പ്രകൃതി വാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെ മാത്രം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ അതും ആ ഇറക്കുമതി കുറയ്ക്കുന്നതിനുള്ള ഗൗരവതരമായ നടപടികൾ സ്വീകരിക്കുന്നെങ്കിൽ അവയ്ക്ക് ഇളവ് അനുവദിക്കുന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ പ്രയോജനം ജപ്പാൻ, ഫ്രാൻസ്, ഹംഗറി, ബെൽജിയം എന്നീ രാജ്യങ്ങൾക്ക് ലഭിച്ചേക്കും.

മാസങ്ങളോളം നീണ്ട ചർച്ചകൾക്കു ശേഷമാണ് ട്രംപിന്‍റെ പിന്തുണ ഉറപ്പാക്കാനായി ബില്ലിലെ ചില കടുത്ത വ്യവസ്ഥകൾ ലഘൂകരിച്ചതെന്ന് സെനറ്റ് സഹായിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രസിഡന്‍റ് ട്രംപ്, ഇറാനെയും ഹിസ്ബുള്ളയെയും സംബന്ധിച്ച ഉപരോധങ്ങളും ബില്ലിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും പറ‍ഞ്ഞു. അതേസമയം ബിൽ കോൺഗ്രസിൽ പാസായി നിയമമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com